അമേരിക്ക-ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തണമെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൻ ഡിസി: ചൈനയുമായി വിവിധ തലങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും തയാറാകണമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫെബ്രുവരി എട്ടിന് നടത്തിയ ചർച്ചയിലാണ് ബൈഡൻ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്ത കാലത്ത് ചൈനയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചത് ഇരുരാജ്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞ ഒമ്പത് മാസമായി നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷാവസ്ഥക്ക് ശമനം ഉണ്ടാകണമെന്ന് ബൈഡൻ പറഞ്ഞു. ട്രംപിന്‍റെ ഭരണത്തിൽ വഷളായ യു.എസ്-ചൈന ബന്ധം വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
ബൈഡനും മോദിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ രണ്ടു രാജ്യങ്ങളും ആഗോള വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുമെന്നും പ്രത്യേകിച്ച് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
2008ൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവിൽ ന്യുക്ലിയർ ഉടമ്പടിയിൽ അന്ന് സെനറ്ററായിരുന്ന ജോ ബൈഡനായിരുന്നു മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യ-പസഫിക്ക് മേഖലയിൽ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.