എവിടെയിരിക്കണം, എപ്പോൾ സംസാരിക്കണം, ഫോട്ടോ എടുക്കേണ്ടതെപ്പോൾ - ജി20 ഉച്ചകോടിയിൽ എങ്ങനെ പെരുമാറണമെന്ന് ബൈഡന് വിശദ നിർദേശം
text_fieldsബാലി: ഇടക്കിടെ അബദ്ധങ്ങൾ പറ്റുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന് ജി20 ഉച്ചകോടിയിൽ എങ്ങനെ പെരുമാറണം, എന്തെല്ലാം ചെയ്യണം എന്നെല്ലാം വിശദീകരിക്കുന്ന വിശദ ഷെഡ്യൂൾ. ബാലിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബൈഡൻ ഷെഡ്യൂൾ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ഫോട്ടോകളിൽ ഷെഡ്യൂളിലെ നിർദേശങ്ങൾ വ്യക്തമാണ്.
ഉച്ചകോടിയിൽ എവിടെ ഇരിക്കണം, എപ്പോൾ ഫോട്ടോക്ക് പോസ് ചെയ്യണം, ആർക്കെല്ലാം ഒപ്പം ഫോട്ടോ എടുക്കണം, എപ്പോൾ സംസാരിക്കണം, എത്ര സമയം സംസാരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്.
റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.
നിങ്ങൾക്ക് മുൻവശത്തെ ടേബിളിൽ നടുവിൽ പ്രസിഡന്റ് വിഡോദോക്കും പ്രസിഡന്റ് വോൻ ദർ ലെയനും സമീപത്തായി ഇരിക്കാം. നിങ്ങൾക്ക് അഞ്ചു മിനിട്ട് പ്രാരംഭ പ്രസംഗം നടത്താം. നിങ്ങൾക്ക് (ഇന്തോനേഷ്യൻ) പ്രസിഡന്റ് വിഡോദോ, (ജപാൻ) പ്രധാനമന്ത്രി കിഷിദ എന്നിവർക്ക് ഒപ്പം പരിപാടി തുടങ്ങും മുമ്പ് ഫോട്ടോക്ക് പോസ് ചെയ്യാം തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ ചാർട്ടിൽ നിങ്ങൾ സഹ ഹോസ്റ്റുകൾക്കൊപ്പം ചേർന്ന് പരിപാടി അവസാനിപ്പിക്കുമെന്നും ഓർമിപ്പിക്കുന്നുണ്ട്.
നിർദേശങ്ങളടങ്ങിയ ചാർട്ടിൽ ബൈഡൻ എന്ന് വിശേഷിപ്പിക്കാതെ എല്ലായിടത്തും നിങ്ങൾ (YOU) എന്ന് വലിയ ചുവന്ന അക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്.
ഇത്തരം വലിയ പരിപാടികളിലെല്ലാം അതിഥികൾ എന്തെല്ലാം ചെയ്യണമെന്ന കൃത്യമായ നിർദേശമുണ്ടാകുമെങ്കിലും ഓരോരുത്തർക്കും പ്രത്യേകമായി നിർദേശങ്ങൾ തയാറാക്കുമോ എന്ന സംശയമാണ് നെറ്റിസൺസ് ഉയർത്തുന്നത്. നിർദേശങ്ങളിലുടനീളം ബൈഡനെ നിങ്ങൾ എന്ന് അഭിസംബോധന ചെയ്തതിലൂടെ ഈഷെഡ്യൂൾ ബൈഡന് വേണ്ടി മാത്രം തയറാക്കിയതാണെന്ന് വ്യക്തമാണ്. ബൈഡന്റെ ആരോഗ്യം തൃപ്തികരമായ നിലയിലല്ലെന്ന സംശയവും ചിലർ ഉന്നയിക്കുന്നു. സ്വന്തം പേരുപോലും ഇദ്ദേഹം മറന്നുപോയോ എന്നാണ് പലരുടെയും സംശയം.
ജൂണിൽ ഒരു പൊതുപരിപാടിയിൽ വേദിയിൽ ബൈഡൻ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള നിർദേശം ഇതുപോലെ പുറത്തു വന്നിരുന്നു. 'റൂസ്‌വെൽറ്റ് റൂമിൽ പ്രവേശിച്ച് പങ്കെടുക്കുന്നവരോട് ഹലോ പറയൂ' എന്നായിരുന്നു നിർദേശം.
സമീപകാലത്ത് ബൈഡൻ നടത്തിയ നിരവധി അബദ്ധങ്ങളുടെ പശ്ചാത്തലത്തിലാകാം ജി 20 ഉച്ചകോടിയിൽ നിർദേശങ്ങളടങ്ങിയ ഷീറ്റ് ഉപയോഗിക്കുന്നതെന്നാണ് ഒരു വാദം. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയിൽ സംസാരിക്കുമ്പോൾ, ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് കംബോഡിയക്ക് പകരം കൊളംബിയയോട് പ്രസിഡന്റ് നന്ദി പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച, തെക്കുകിഴക്കൻ യുക്രെയ്നിലെ കെർസണു പകരം അദ്ദേഹം ഇറാഖി നഗരമായ ഫലൂജയെയാണ് പരാമർശിച്ചത്. റഷ്യൻ സൈനികർ 'ഫലൂജ'യിൽ നിന്ന് പിൻവാങ്ങുകയാണെന്നായിരുന്നു വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.