ഷീ ജിങ്പിങ്ങുമായി അവസാന കൂടിക്കാഴ്ച നടത്തി ബൈഡൻ
text_fieldsലിമ: യു.എസ് പ്രസിഡന്റ് പദവി ഒഴിയാനിരിക്കെ ചൈനയുടെ പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി അവസാന കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം കാലിഫോർണിയയിൽ അപെക് ഉച്ചകോടിക്കു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. ചൈനയുടെ ഇറക്കുമതിക്ക് 60 ശതമാനം നികുതി ചുമത്തുമെന്ന് പറയുന്ന ഡോണൾഡ് ട്രംപ് പ്രസിഡന്റായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമോയെന്ന ആശങ്ക നിലനിൽക്കെയാണ് കൂടിക്കാഴ്ച.
സുസ്ഥിരമായ ചൈന -യു.എസ് ബന്ധം ഇരു രാജ്യങ്ങൾക്കും മാത്രമല്ല മനുഷ്യരാശിയുടെ ഭാവിക്കും നിലനിൽപിനും നിർണായകമാണെന്ന് കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങൾക്കും പരസ്പരം യോജിക്കാൻ കഴിയുന്ന രീതിയിലുള്ള ശരിയായ തീരുമാനങ്ങൾ യു.എസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസിന്റെ പുതിയ ഭരണകൂടവുമായി സഹകരണം ശക്തമാക്കാനും ആശയവിനിമയം നടത്താനും ഭിന്നതകൾ പരിഹരിച്ച് ശക്തമായ ബന്ധത്തിലേക്ക് നീങ്ങാനും ചൈന തയാറാണെന്നും ഷീ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തെറ്റിദ്ധാരണകൾ ഒഴിവാക്കുമെന്നും മത്സരം ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനുള്ള തീരുമാനത്തിൽനിന്ന് ഉത്തര കൊറിയയെ ചൈന പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.