മാലാഖയല്ല ബൈഡൻ
text_fieldsകാൽനൂറ്റാെണ്ടങ്കിലും കൊണ്ട് നേടിയെടുക്കേണ്ട നേട്ടങ്ങളാണ് ഡോണൾഡ് ട്രംപിന്റെ നാലുവർഷങ്ങളിൽ ഇസ്രയേൽ സമ്പാദിച്ചതെന്ന് പറയപ്പെടുന്നുണ്ട്. മുൻ പിൻ നോക്കാത്ത ട്രംപിന്റെ നയങ്ങളും അതിന്റെ വരും വരായ്കകൾ പരിഗണിക്കാതെ പിന്താങ്ങിയ സഖ്യകക്ഷികളുമാണ് പശ്ചിമേഷ്യയെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. ഇതിെൻറ ഫലമായി തങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന വേദികളിൽ ഫലസ്തീെൻറ സാന്നിധ്യം ഇല്ലാതായി. ഏകപക്ഷീയമായ ട്രംപിെൻറ നടപടികൾ വഴി ചർച്ചകളിൽ ഇരകൾക്ക് സ്വരമില്ലാതായി മാറി. ഇസ്രയേലിെൻറ സകല ആവശ്യങ്ങളും ഇൗ കുറഞ്ഞകാലം കൊണ്ട് സാധിതമായി. ട്രംപിെൻറ വാഴ്ചക്കൊടുവിൽ വൈറ്റ്ഹൗസിൽ ജോ ബൈഡൻ എത്തുേമ്പാൾ പശ്ചിമേഷ്യക്ക് മാത്രമല്ല, അറേബ്യക്ക് ഒന്നാകെയും അത് നിർണായകമാകുന്നത് അങ്ങനെയാണ്. ട്രംപിെൻറ വിനാശ നയങ്ങളിൽ മാറ്റം വരുമെങ്കിയും ബൈഡെൻറ വരവ് അമേരിക്കയുടെ പരമ്പരാഗത നയങ്ങളിൽ നിന്നുള്ള വ്യക്തമായ വ്യതിചലനത്തിന് കാരണമാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. താനൊരു സയണിസ്റ്റാണെന്നും ഇസ്രയേലാണ് മേഖലയിൽ അമേരിക്കയുടെ ഏക യഥാർഥ സുഹൃത്തെന്നും പലതവണ ആവർത്തിച്ച ബൈഡനിൽ ഫലസ്തീനികളും ഒരുപരിധിക്കപ്പുറം പ്രതീക്ഷ വെക്കുന്നില്ല.
ഇക്കാര്യത്തിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ പ്രത്യേക പ്രതിനിധി നബീൻ ശഅസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: 'ഫലസ്തീനികളോടുള്ള യു.എസ് നയത്തിൽ വലിയ വ്യതിയാനമൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും അങ്ങേയറ്റം പ്രതിലോമകരമായ ട്രംപ് യുഗം അവസാനിക്കുന്നു എന്നത് തന്നെ ഏതുതരത്തിലും ഗുണകരമാണ്. ബൈഡനിൽ നിന്നും കമലയിലും നിന്നും നാം കേൾക്കുന്ന വാക്കുകൾ പരിഗണിക്കുേമ്പാൾ കൂടുതൽ സന്തുലിതമായ നിലപാടാണ് പ്രതീക്ഷിക്കുന്നത്. എന്തുതന്നെയായാലും ട്രംപിനേക്കാൾ ദോഷം കുറവായിരിക്കും അതിന്'.
ഫലസ്തീനികളുടെ പൊതു നിലപാടിെൻറ ആകെത്തുകയായി ഇൗ വാക്കുകളെ വിലയിരുത്താം. പക്ഷേ, കൂടുതൽ കരുതലോടെയായിരുന്നു പി.എൽ.ഒ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനൻ അശ്റാവിയുടെ പ്രതികരണം. ട്രംപ് ഉയർത്തിയ വെല്ലുവിളികൾ അവസാനിപ്പിക്കുകയെന്നതാകണം ആദ്യ ചുവടുവെപ്പെന്ന് പറഞ്ഞ അവർ ഫലസ്തീനികൾക്ക് ഒരിക്കലും ഒരു രക്ഷകനായിരിക്കില്ല ബൈഡനെന്നും കൂട്ടിച്ചേർത്തു.
'അധിനിവേശ'ത്തിലെ തിരുത്ത്
ഇസ്രയേലുമായുള്ള തെൻറ ആത്മബന്ധം ഒരിക്കലും മറച്ചുവെച്ചിട്ടുള്ള ആളല്ല ബൈഡൻ. ഏറ്റവുമൊടുവിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ഡെമോക്രാറ്റിക് പ്രചരണത്തിെൻറ കരടിൽ നിന്ന് ഇസ്രയേലിനെ പരാമർശിക്കുന്ന ഭാഗത്ത് 'അധിനിവേശം' എന്ന വാക്ക് ഒഴിവാക്കാൻ പോലും മുൻകൈയെടുത്തു അദ്ദേഹം. 'സ്വതന്ത്രമായും വിദേശ അധിനിവേശത്തിന് കീഴിലല്ലാതെയും ജീവിക്കാനുള്ള ഫലസ്തീനിെൻറ അവകാശത്തെ ഉയർത്തിപ്പിടിക്കുന്നു' എന്ന വാചകത്തിൽ നിന്നാണ് ബൈഡൻ ഇടപെട്ട് 'അധിനിവേശം' എന്ന വാക്ക് വെട്ടിയത്. ഇസ്രയേലി അനുകൂല ലോബിയുടെ ആവശ്യത്തെ തുടർന്നായിരുന്നു ബൈഡെൻറ തിരുത്ത്. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ െഎക്യത്തിന് ഇൗ വാക്ക് തുരങ്കം വെക്കുമെന്നായിരുന്നു ബൈഡെൻറ ന്യായം.
റിപ്പബ്ലിക്കൻ പ്രസിഡൻറായ ജോർജ് ഡബ്ല്യു. ബുഷ് പോലും 'അധിനിവേശം' എന്ന് വാക്ക് ഉപയോഗിക്കാൻ ധൈര്യപ്പെട്ടിടത്താണ് ഡെമോക്രാറ്റായ ബൈഡെൻറ അധീരത. 2008 ജനുവരി 10 ന് വെസ്റ്റ്ബാങ്കിലെ റാമല്ലയിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമൊത്തുള്ള സംയുക്ത വാർത്തസമ്മേളനത്തിലാണ്, '1967 ൽ തുടങ്ങിയ അധിനിവേശത്തിന് ഒരു അവസാനം ഉണ്ടാകണം' എന്ന് അർഥശങ്കക്കിടയില്ലാത്ത വണ്ണം ബുഷ് പ്രഖ്യാപിച്ചത്. ബൈഡെൻറ മുൻഗാമിയും െഡമോക്രാറ്റുകാരൻ തന്നെയുമായ ബറാക് ഒബാമയും അധിനിവേശത്തെ പരാമർശിക്കാൻ മടിച്ചിട്ടില്ല. 2009 ൽ ൈകറോയിലെ അൽഅസ്ഹർ സർവകലാശാലയിൽ നടത്തിയ വിശ്വപ്രസിദ്ധ പ്രസംഗത്തിൽ 'അധിനിവേശത്തിനൊപ്പമുള്ള ചെറുതും വലുതുമായ ദിനേനയുള്ള അവഹേളനങ്ങൾ' അവസാനിക്കണമെന്നായിരുന്നു ഒബാമ ആവശ്യപ്പെട്ടത്.
അചഞ്ചലമായ ഇസ്രയേൽ പിന്തുണ
'അധിനിവേശം' എന്ന ഒരൊറ്റവാക്കിന് മേലുള്ള പ്രശ്നമല്ല ബൈഡനുള്ളത്. ഒബാമക്ക് കീഴിൽ വൈസ് പ്രസിഡൻറായിരുന്ന ജോ ബൈഡൻ 2015 ഏപ്രിൽ 23 ന് ഇസ്രയേലിെൻറ 67ാമത് സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് വാഷിങ്ടണിലെ ആൻഡ്രൂ മെലൺ ഒാഡിറ്റോറിയത്തിൽ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. ''.. 1948 മേയ് 14 ന് അർധരാത്രിയിൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന്, പൊള്ളിക്കുന്ന ദുരന്തങ്ങൾക്ക് മധ്യേ, അതിർത്തികളിൽ വന്നുനിറഞ്ഞ സൈനിക നിരകളിൽ ഭയക്കാതെ ആധുനിക ഇസ്രയേൽ രാഷ്ട്രം പിറന്നു. പിന്നീട് നിങ്ങൾ ചെയ്തതെല്ലാം അത്യത്ഭുതകരം തന്നെ. ഇൗ ഭൂമുഖത്തെ ഏറ്റവും നൂതന സമൂഹത്തെ നിങ്ങൾ സൃഷ്ടിച്ചെടുത്തു. ആ വളർച്ചക്കിടെ നിങ്ങളുടെ മാതൃഭൂമിയെ നിങ്ങൾ പ്രതിരോധിച്ചു. മേഖലയിലെ ഏറ്റവും കരുത്തുള്ള സൈനിക സംവിധാനമായി മാറി. ഇൗ വർഷങ്ങൾ കാര്യങ്ങൾ എങ്ങനെയെല്ലാം മാറി. പക്ഷേ, അപകടം ഇപ്പോഴും നിലനിൽക്കുന്നു. അപകടകരമായ മേഖലകളിലാണ് ഇസ്രയേലി ജനത വസിക്കുന്നത്. ഇസ്രയേലി ആയിരിക്കുക എന്നത് തന്നെ അസാധാരണമായ കരുത്ത് ആവശ്യപ്പെടുന്നതാണ്.
പലതും മാറി. രണ്ടുകാര്യങ്ങൾ പക്ഷേ, അതേപടി നിലനിൽക്കുന്നു. നിങ്ങളുടെ ജനതയുടെ കരുത്ത്, നിങ്ങളോടുള്ള എെൻറ പ്രതിബന്ധത'... മിനിറ്റുകളോളം നീണ്ട കരേഘാഷത്തിനിടെ ബൈഡൻ തുടർന്നു.
ഗോൾഡ മെയർ പറഞ്ഞത്
അതിനും മുമ്പ് 1973 ലാണ് തെൻറ ജീവിതത്തെ മാറ്റി മറിച്ചതെന്ന് പിൽക്കാലത്ത് ബൈഡൻ പറഞ്ഞ ആ കൂടിക്കാഴ്ച ഉണ്ടായത്. ഡെലാവയർ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട 30 കാരൻ ബൈഡൻ ആ വർഷം ഒക്ടോബറിൽ ആദ്യമായി ഇസ്രയേലിൽ എത്തി. അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡ മെയറിനെയും സന്ദർശിച്ചു. 'ശത്രുരാജ്യ'ങ്ങൾക്കിടയിൽ ഇസ്രയേലിെൻറ അതിജീവനത്തിെൻറ കഥകൾ ഗോൾഡ പറയുന്നത് കേട്ട് ബൈഡൻ വികാരഭരിതനായി. അവസാനം മെയർ ഒരു കാര്യം പറഞ്ഞു. 'ഇതൊക്കെയാണെങ്കിലും വെല്ലുവിളികളൊെയാക്കെ അതിജയിക്കാൻ ഒരു രഹസ്യായുധം ഇസ്രയേലിെൻറ കൈയിലുണ്ട്. ഇസ്രയേലികൾക്ക് പോകാൻ ലോകത്ത് മറ്റൊരിടമില്ല എന്ന യാഥാർഥ്യം'. ഇൗ കൂടിക്കാഴ്ചയെ കുറിച്ച് പിന്നീട് എത്രയോ തവണ ബൈഡൻ പ്രസംഗിച്ചിട്ടുണ്ട്. ബൈഡെൻറ ഇസ്രയേൽ ബന്ധവും അചഞ്ചമായ പിന്തുണയും ആരംഭിക്കുന്നത് ഇൗ കൂടിക്കാഴ്ചയിൽ നിന്നാണത്രെ.
1986 ജൂണിൽ യു.എസ് സെനറ്റിൽ ഇസ്രയേലിെൻറ അമേരിക്കൻ ബന്ധത്തെ കുറിച്ച് വികാര നിർഭരമായ ഒരു പ്രസംഗം ബൈഡൻ നടത്തി. 'ഇസ്രയേലിനെ പിന്തുണക്കുന്നതിൽ നമ്മൾ മാപ്പപേക്ഷിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിത്. നാം നടത്തുന്നത് മൂന്ന് ബില്യൻ േഡാളറിെൻറ മികച്ച നിക്ഷേപമാണ്. ഇസ്രയേൽ അവിടെ ഇല്ലെങ്കിൽ നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആ മേഖലയിൽ മറ്റൊരു ഇസ്രയേലിനെ നമുക്ക് കണ്ടെത്തേണ്ടിവരുമായിരുന്നു. മേഖലയിലെ യു.എസിെൻറ ഏക യഥാർഥ സുഹൃത്ത് ഇസ്രയേലാണ്'. ഇന്നും അമേരിക്കയിൽ നിന്ന് ഇസ്രയേലിന് ലഭിച്ചുകൊണ്ടിരിക്കുന്ന വാർഷിക സൈനിക സഹായത്തിെൻറ തുടക്കമായിരുന്നു ആ മൂന്ന് ബില്യൻ ഡോളർ.
വെല്ലുവിളികളുടെ തീരം
ഇസ്രയേലിനോടുള്ള തെൻറ ആഭിമുഖ്യം തുറന്നുപ്രഖ്യാപിച്ച ബൈഡന് മുന്നിൽ നിരവധിയായ വെല്ലുവിളികളാണ് പശ്ചിഷ്യേ കാത്തുവെച്ചിരിക്കുന്നത്. അമേരിക്കയുെട പരമ്പരാഗത നിലപാടായ 'ഇരുരാഷ്ട്ര ഫോർമുല'യെ ട്രംപ് ചുരുട്ടിക്കൂട്ടി എറിഞ്ഞിരിക്കുന്നു. അധിനിവേശ മേഖലകളിലെ കുടിയേറ്റം നിർബാധം തുടരുന്നു. ഫലസ്തീൻ അതോറിറ്റിക്കുള്ള ധനസഹായം ട്രംപ് അവസാനിപ്പിച്ചു. യു.എസ് എംബസി ജറുസലമിലേക്ക് മാറ്റി. ദശലക്ഷക്കണക്കിന് ഫലസ്തീനികൾ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ജീവിതമാർഗത്തിനും ആശ്രയിക്കുന്ന യു.എൻ റെഫ്യൂജി ഏജൻസിക്കുള്ള ഫണ്ടിങ് അമേരിക്ക നിർത്തിയിരിക്കുന്നു. ഇതിനൊക്കെ പുറമേയാണ് മരുമകൻ ജാരദ്കുഷ്നറുടെ കാർമികത്വത്തിൽ ട്രംപ് ചുെട്ടടുത്ത നൂറ്റാണ്ടിലെ കരാർ എന്ന ഏകപക്ഷീയ ധാരണ.
ഇതിൽ ഏതിൽ നിന്നൊക്കെ ബൈഡൻ പിൻമാറും, ഇതിലൊക്കെ എന്ത് തുടർനടപടികൾ ഉണ്ടാകും എന്നാണ് ഇനി അറിയേണ്ടത്. ജറുസലം എംബസി വിഷയത്തിൽ വലിയ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. അതിനെ ബാലൻസ് ചെയ്യാനായി കിഴക്കൻ ജറുസലമിലെ ഫലസ്തീനികൾക്ക് വേണ്ടിയുള്ള യു.എസ് കോൺസുലേറ്റ് പുനരാരംഭിച്ചേക്കാം. ചർച്ചമേശയിലേക്ക് ഫലസ്തീനികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടാകും. എന്നിവയല്ലാതെ വിപ്ലവകരമായ മാറ്റങ്ങളൊന്നും ഫലസ്തീനികളും പ്രതീക്ഷിക്കുന്നില്ല.
ആശങ്കകൾ ഇസ്രയേലിലും
ബൈഡൻ പ്രസിഡൻറാകുേമ്പാൾ ഇസ്രയേലിലും ആശങ്കകൾ ഉയരുന്നുണ്ട്. ട്രംപിനെ പോലെ കണ്ണുംപൂട്ടി തങ്ങളെ പിന്താങ്ങുന്ന ഒരു അമേരിക്കൻ പ്രസിഡൻറ് പോകുന്നത് വലിയ നഷ്ടമാണെന്ന് അവരും തിരിച്ചറിയുന്നുണ്ട്. യു.എസ് നയത്തിലെ ആസന്നമായ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് ഇസ്രയേൽ ചില നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുണ്ട്. അതിെൻറ ഭാഗമാണ്, ജറുസലമിലെ അതിർത്തി രേഖയായ ഗ്രീൻലൈനിന് അപ്പുറത്തെനിർമാണ പ്രവർത്തനങ്ങൾക്ക് തിരക്കിട്ട് അനുമതി നൽകാനുള്ള ശ്രമം. ട്രംപ് ഒഴിയുന്നതിന് മുമ്പ് രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് ആലോചന. ബൈഡൻ സ്ഥാനമേറ്റാൽ ഇത്തരം നിർമാണ പ്രവർത്തനങ്ങൾ മരവിപ്പിക്കാനുള്ള സമ്മർദംഉണ്ടാകുമെന്നാണ് ഇസ്രയേലിെൻറ ആശങ്ക. ജറുസലമിലെ ഇൗ നിർമാണത്തിൽ ബൈഡന് 'സവിശേഷമായ താൽപര്യ'മുണ്ടെന്ന് ഇസ്രയേൽ തിരിച്ചറിയുന്നുണ്ട്. 2010 ൽ ൈവസ് പ്രസിഡൻറായി ഇസ്രയേൽ സന്ദർശിച്ച ബൈഡൻ, നെതന്യാഹുവിെൻറ വസതിയിൽ വിരുന്നിൽ പെങ്കടുക്കുകയും അനധികൃത നിർമാണങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം തിരിച്ച് യു.എസിലെത്തിയതിന് പിന്നാലെ ജറുസലമിലെ ഗ്രീൻ ലൈനിന് അപ്പുറത്തെ റാമത് ശ്ലോമോ പ്രദേശത്ത് 1,800 പുതിയ വീടുകൾ നിർമിക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രഖ്യാപിച്ചു. വാർത്ത േകട്ട് ഒബാമയും ബൈഡനും കുപിതരായി. ബൈഡനെ അപമാനിക്കുന്നതിന് തുല്യമാണ് ഇൗ നീക്കമെന്ന് ഒബാമ ഭരണകൂടം വിലയിരുത്തി. നയതന്ത്ര ബന്ധം വഷളായി. അമേരിക്കയുടെ അതൃപ്തി തിരിച്ചറിഞ്ഞ ഇസ്രയേൽ ഗ്രീൻ ലൈൻ കടന്നുള്ള നിർമാണങ്ങൾ മരവിപ്പിച്ചു. പിന്നീട് 'ബൈഡൻ നൈബർഹുഡ്' എന്ന് അറിയപ്പെട്ട റാമത് ശ്ലോമോയിലെ നിർമാണത്തിനുള്ള വിലക്ക് ട്രംപ് വന്ന ശേഷമാണ് നീങ്ങിയത്. ട്രംപിെൻറ തോൽവി വാർത്ത വന്നതിന് പിന്നാലെ, നിലവിൽ നിർമാണം പൂർത്തിയായതിന് പുറമേയുള്ള കെട്ടിടങ്ങളുടെ അനുമതി എത്രയും വേഗം നേടാൻ സിറ്റി എൻജിനീയേഴസ് ഒാഫീസിന് ഉന്നതതല നിർദേശം ലഭിച്ചുകഴിഞ്ഞു. തെൻറ അഭിമാന പ്രശ്നമായി ബൈഡൻ സ്വീകരിച്ച ഇൗ മേഖലയിൽ ഇനി തുടർ നിർമാണത്തിന് അനുമതി യു.എസിൽ നിന്ന് ലഭിക്കില്ല എന്ന് ഇസ്രയേലിന് അറിയാം. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് നെതന്യാഹു സർക്കാരിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ചുരുക്കത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയം ഒരു സന്നിഗ്ധ ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇരുപക്ഷത്തിനും ആശങ്കക്കും പ്രതീക്ഷക്കും വകയുണ്ട്. എന്നാൽ അടിസ്ഥാന നയങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുകയും വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.