ഗ്രീൻ കാർഡ് വിലക്ക് പിൻവലിച്ചു; ട്രംപ് നയത്തിന് വീണ്ടും തിരുത്തുമായി ബൈഡൻ
text_fields
വാഷിങ്ടൺ: ഗ്രീൻ കാർഡ് അപേക്ഷകർക്ക് പ്രവേശനം വിലക്കിയ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് പിൻവലിച്ച് ജോ ബൈഡൻ. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളിൽ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുൾപെടെ നിരവധി പേർക്ക് തുണയാകും. കൊറോണയിൽ വലഞ്ഞ് വ്യാപക തൊഴിൽ നഷ്ടം അലട്ടുന്ന രാജ്യത്ത് യു.എസ് പൗരന്മാരെ ബാധിക്കുന്നുവെന്ന് കാണിച്ചായിരുന്നു ഗ്രീൻകാർഡുകാർക്ക് ട്രംപ് പ്രവേശനം വിലക്കിയത്. എന്നാൽ, കുടുംബത്തിനൊപ്പം ചേരാൻ പലർക്കും ഇത് തടസ്സമാകുകയാണെന്നും യു.എസ് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.
കുടിയേറ്റ നയങ്ങളിൽ ട്രംപിന്‍റെ നയങ്ങൾ തിരുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ പ്രഖ്യാപനം നടത്തിയിരുന്നു. മുസ്ലിം രാജ്യങ്ങൾക്ക് ഏർപെടുത്തിയ യു.എസ് യാത്രാ വിലക്ക് ഇതിന്‍റെ ഭാഗമായി നേരത്തെ ബൈഡൻ പിൻവലിച്ചിട്ടുണ്ട്. വിദേശ അതിഥി തൊഴിലാളികൾക്ക് വിലക്കേർപെടുത്തിയ നടപടി കാലിേഫാർണിയ ഫെഡറൽ ജഡ്ജിയും റദ്ദാക്കി.
2020 അവസാനം വരെ ഗ്രീൻ കാർഡ് വിതരണം നിർത്തി ആദ്യം പുറപ്പെടുവിച്ച ഉത്തരവ് അടുത്തിടെ മാർച്ച് അവസാനം വരെയാക്കി ട്രംപ് ദീർഘിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം 1,20,000 വിസകൾ ഈ ഉത്തരവു പ്രകാരം നഷ്ടപ്പെട്ടതായാണ് കണക്ക്. യു.എസിൽ തൊഴിലെടുക്കുന്നവർക്ക് കുടുംബങ്ങളെ കൊണ്ടുവരലും ഇതോടെ കുരുക്കായി. തൊഴിൽ വിസയുള്ളവർക്കും വിലക്കുവീണു. 1.4 കോടി പേരാണ് ഇതുവരെ ഗ്രീൻകാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇതിനു പുറമെ നാലര ലക്ഷത്തോളം കുടുംബ വിസക്കാരും കാത്തിരിക്കുന്നുണ്ട്. ഇത്രയും കൂടുതൽ പേർക്ക് ഒന്നിച്ച് വിസ അനുവദിക്കാനാവില്ലെന്നതിനാൽ പലരുടെയും കാത്തിരിപ്പ് തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.