ഇന്ത്യയിലെ ട്രെയിൻ അപകട വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കാനിടയായ വാർത്ത ഹൃദയം തകർക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒഡിഷയിലെ ബാലുസോറിൽ വെള്ളിയാഴ്ചയുണ്ടായ ട്രെയിൻ അപകടമാണ് മൂന്ന് ദശകങ്ങൾക്കിടെ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ റെയിൽ ദുരന്തം. ദുരന്തത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യു.എസ് പ്രഥമ വനിത ജിൽ ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിൻ ദുരന്തം അറിഞ്ഞ് ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അത് താങ്ങാനുള്ള കരുത്ത് നൽകണമെന്ന് പ്രാർഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് വേണ്ടിയും പ്രാർഥിക്കുന്നു - ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
യു.എസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കൻ ജനതയും പങ്കുചേരുന്നു. ഈ വേദനയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവരെ ഞങ്ങൾ ചേർത്ത് പിടിക്കുന്നു -ബൈഡൻ പറഞ്ഞു.
ബാലസോറിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ,കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ അനുശോചനം അറിയിച്ചിരുന്നു.
ഇന്ത്യയിൽ സന്ദർശനം നടത്തുന്ന നേപ്പാൾ പ്രധാനമന്ത്രി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.പ കൂടാതെ, ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച സന്ദേശത്തിലാണ് ഇരുവരുടെ തങ്ങളുടെ അനുശോചനവും ദുഃഖവും അറിയിച്ചത്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകളിലായി പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.