സെപ്റ്റംബർ 11 വരെ കാത്തുനിൽക്കില്ല; അഫ്ഗാനിലെ യു.എസ് സൈനിക സാന്നിധ്യം ആഗസ്റ്റ് 31ന് അവസാനിക്കും
text_fieldsവാഷിങ്ടൺ: ഒരു തലമുറ അമേരിക്കക്കാരെ കൂടി അഫ്ഗാൻ മണ്ണിൽ പോരാട്ടത്തിനും മരണത്തിനും അയക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ആഗസ്റ്റ് 31നകം നിലവിലെ സൈനികരെ പൂർണമായി പിൻവലിക്കും. രാജ്യത്ത് സൈനിക ദൗത്യം ഇതോടെ അവസാനിക്കുമെന്നും സെപ്റ്റംബർ 11 വരെ കാത്തുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിൻമാറ്റം 90 ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ട്. 2001ലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്‍റെ 20ാം വാർഷിക ദിനത്തോടെ മടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനം.
അതിവേഗം മടങ്ങലാണ് സൈനിക സുരക്ഷക്ക് നല്ലതെന്നും മടക്കം ആരംഭിച്ച ശേഷം ഇതുവരെ അമേരിക്കക്ക് സൈനികരുടെ ജീവൻ നഷ്ടമായിട്ടില്ലെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച അർധ രാത്രിയിലായിരുന്നു കാബൂളിന് വടക്കുള്ള വലിയ താവളമായ ബഗ്രാമിൽനിന്ന് അമേരിക്ക സൈനിക പിൻമാറ്റം പൂർത്തിയാക്കിയത്. അവിടെ കാവലുണ്ടായിരുന്ന അഫ്ഗാൻ സൈനികരെ പോലും അറിയിക്കാതെയായിരുന്നു സമ്പൂർണ മടക്കം.
അഫ്ഗാനിൽ താലിബാൻ അതിവേഗം പിടിമുറുക്കുകയും രാജ്യത്തിന്‍റെ മുക്കാൽ പങ്കും നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിൻമടക്കം. 'വിജയിച്ച ദൗത്യമല്ല' അഫ്ഗാനിലേതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. 20 വർഷം യുദ്ധം നടത്തിയിട്ടും സൈനികമായി വിജയം കാണാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിൽ 'വിജയിച്ച ദൗത്യ'മാണെന്ന് 2003ൽ ജോർജ് ഡബ്ല്യു ബുഷ് പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിൽ ഇതുവരെ 2,448 യു.എസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. 20,722 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.