ജോ ബൈഡൻ ഇസ്രായേലിലേക്ക്; വിദേശ ബന്ദികൾ തങ്ങളുടെ അതിഥികൾ, വിഡിയോ പുറത്തുവിട്ട് ഹമാസ്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം പത്താം ദിവസം കടക്കവെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കുന്ന ബൈഡൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ ബൈഡൻ ജോർദാനും സന്ദർശിച്ച് കൂടിക്കാഴ്ച നടത്തും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അതിനിടെ, ബന്ദിയാക്കിയ ഒരു യുവതിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഫ്രഞ്ച് പൗരയും 21കാരിയുമായ മിയ ഷേമിന്‍റ വിഡിയോയാണ് പുറത്തുവിട്ടത്. ഇസ്രായേലിലെ ഷോഹമിൽ താമസിക്കുന്ന മിയയെ സദ്റൂത്തിൽ നിന്നാണ് ബന്ദിയാക്കിയത്.
200 മുതൽ 250 വരെ ബന്ദികളുണ്ടെന്നാണ് ഹമാസ് വ്യക്താവ് അബു ഉബൈദ അറിയിച്ചത്. വിദേശ ബന്ദികൾ തങ്ങളുടെ അതിഥികളാണ്. സാഹചര്യങ്ങൾ അനുസരിച്ച് അവരെ വിട്ടയക്കും. ഇസ്രായേലിന്‍റെ കരയാക്രമണത്തെ ഭയക്കുന്നില്ലെന്നും നേരിടാൻ തയാറാണെന്നും വ്യക്താവ് അറിയിച്ചു. 199 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ 2750ലേറെ ഗസ്സക്കാർ കൊല്ലപ്പെട്ടു. 9700 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 58 പേരും മരിച്ചു. 1250 പേർക്ക് പരിക്കുമുണ്ട്. ഇസ്രായേലിൽ കഴിഞ്ഞാഴ്ചയുണ്ടായ ഹമാസ് ആക്രമണത്തിൽ മരണസംഖ്യ 1400 ആയെന്ന് റിപ്പോർട്ടുണ്ട്.
ഇസ്രായേലിനു വേണ്ടി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യു.എസ് നടത്തിയ നീക്കങ്ങൾ പ്രതീക്ഷിച്ച ഫലം കാണ്ടിരുന്നില്ല. ഇസ്രായേലിന്‍റെ വടക്കൻ മേഖലയിൽ ഇറാനും ഹിസ്ബുല്ലയും സിറിയയും ചേർന്ന് മറ്റു യുദ്ധമുഖങ്ങൾ തുറക്കുമെന്ന ആശങ്കയും വടക്കൻ ഗസ്സയിൽ നിന്ന് പൂർണമായും ഒഴിഞ്ഞുപോകണമെന്ന അന്ത്യശാസനം ഭൂരിഭാഗം ഫലസ്തീനികൾ നിരസിച്ചതും ഇസ്രായേലിന്‍റെ ആശയക്കുഴപ്പത്തിന് കാരണമായെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.