ഗസ്സ പിടിച്ചെടുക്കുന്നത് വലിയ തെറ്റാകും -ഇസ്രായേലിന് മുന്നറിയിപ്പുമായി ബൈഡൻ
text_fieldsവാഷിങ്ടൺ: കരമാർഗം ഗസ്സയിൽ കയറി ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങി നിൽക്കെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഗസ്സ മുനമ്പ് പിടിച്ചെടുക്കുന്നത് വലിയ തെറ്റാകുമെന്ന് ബൈഡൻ പറഞ്ഞു. ആക്രമിച്ച് തീവ്രവാദികളെ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഫലസ്തീനിയൻ അതോറിറ്റി നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നേരത്തെ ഫോൺ സംഭാഷണം നടത്തിയ ബൈഡൻ, ഇസ്രായേൽ സന്ദർശനത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇതിനിടയിലാണ് പുതിയ പ്രസ്താവന. ഹമാസ് എല്ലാ ഫലസ്തീനികളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് പറഞ്ഞ ബൈഡൻ, സിവിലിയൻമാരെ സംരക്ഷിക്കുന്നതിനായി ഭക്ഷണം, വെള്ളം, പാചകവാതകം എന്നിവയുടെ ദൗർലഭ്യം പരിഹരിക്കാൻ അമേരിക്ക പ്രവർത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി.
അതേസമയം, വടക്കൻ ഗസ്സയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയ ഇസ്രായേൽ കര വഴിയുള്ള അധിനിവേശത്തിന് അവസാനവട്ട ഒരുക്കത്തിലാണ്. ഗസ്സയിലെ അതിർത്തി മതിലിനോട് ചേർന്ന് ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ആക്രമണം തുടങ്ങുമെന്ന ഭീഷണിയിൽ വടക്കൻ ഗസ്സയിൽനിന്നും തെക്കൻ മേഖലയിലേക്ക് പലായനം തുടരുകയാണ്.
ഒഴിഞ്ഞുപോകുന്നവർക്കു നേരെയും ബോംബിടുന്ന ഇസ്രായേൽ ക്രൂരതയിൽ ഗസ്സയിലെ മരണസംഖ്യ 2,670 ആയി. ഇതിൽ 724 കുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9,600 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.