'ട്രംപ് സഹകരിച്ചില്ലെങ്കിൽ കോവിഡ് ബാധിച്ച് കൂടുതൽ പേർ ഇനിയും മരിക്കും' -ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് ഫലം പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ചുവീഴുമെന്ന് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ.
യു.എസ് കോൺഗ്രസിനോട് കോവിഡ് നിർമാർജനത്തിന് പുതിയ ദുരിതാശ്വാസ നിയമനിർമാണം സാധ്യമാക്കാനും സമ്പദ്വ്യവസ്ഥയെ ഉയർത്തികൊണ്ടുവരുന്നതിനായി ബിസിനസുകാരോടും തൊഴിലാളി നേതാക്കളോടും ഒരുമിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപ് അധികാരം കൈമാറ്റം ചെയ്യാതിരിക്കുകയും കോവിഡ് മഹാമാരി പ്രതിരോധത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് കൂടുതൽ പേരെ മരണത്തിലേക്ക് നയിക്കും. രാജ്യം കടുത്ത ശൈത്യത്തിലേക്ക് നീങ്ങുകയാണ്. കാര്യങ്ങൾ വളരെ എളുപ്പത്തിൽ ഇപ്പോൾ കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നീട് കൂടുതൽ പ്രയാസമാകും -ബൈഡൻ കൂട്ടിച്ചേർത്തു.
ട്രംപ് അധികാരം കൈമാറാൻ വിസമ്മതിക്കുന്നത് തെൻറ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നും രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ബൈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയതോടെയായിരുന്നു ബൈഡെൻറ പ്രതികരണം.
കോവിഡ് മഹാമാരിയെ തുടർന്ന് ലക്ഷകണക്കിന് പേർക്ക് അമേരിക്കയിൽ െതാഴിൽ നഷ്ടപ്പെട്ടിരുന്നു. കൂടാതെ കോവിഡ് ബാധിച്ച് രണ്ടരലക്ഷത്തോളം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ട്രംപിൽനിന്ന് ബൈഡനിലേക്കുള്ള അധികാര കൈമാറ്റം. ജനുവരി 20ന് ബൈഡൻ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.