ജോർഡനിൽ വെടിവെപ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
text_fieldsഅമ്മാൻ: പൊലീസ് കമാൻഡറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലിൽ ജോർഡനിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച തെക്കൻ ജോർഡനിലാണ് സംഭവം.
വ്യാഴാഴ്ച മാൻ പ്രവിശ്യയിലെ ഡെപ്യൂട്ടി പൊലീസ് ഡയറക്ടർ അബ്ദുൾ റസാഖ് ദലാബെ കൊല്ലപ്പെട്ട മാൻ നഗരത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്. ഇസ്‍ലാമിക് സ്റ്റേറ്റ് സെല്ലിലെ അംഗങ്ങളെന്ന് സംശയിക്കുന്ന ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ജോർഡൻ പൊലീസ് പറഞ്ഞു.
ഓട്ടോമാറ്റിക് തോക്കുകളും വൻ തോതിൽ വെടിക്കോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കമാൻഡറെ കൊലപ്പെടുത്തിയതായി സംശയിക്കുന്നവരുടെ സ്ഥലം ഉദ്യോഗസ്ഥർ വളഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. കുതിച്ചുയരുന്ന ഇന്ധനവിലയെച്ചൊല്ലി ട്രക് ഡ്രൈവർമാർ സമരം ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധം മാൻ അടക്കം നിരവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിഷേധക്കാരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ദലാബെ കൊല്ലപ്പെട്ടത്. ടിക്‌ടോക്കിന് ജോർഡൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.