ഇസ്രായേൽ-ഫലസ്തീൻ ചർച്ച ജോർദാനിൽ നടക്കും
text_fieldsഅമ്മാൻ: മുതിർന്ന ഇസ്രായേൽ ഫലസ്തീൻ ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച ജോർദാനിൽ നടക്കും. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ചർച്ച. ഞായറാഴ്ച ചെങ്കടൽ തുറമുഖ നഗരമായ അഖ്ബയിൽ വെച്ചായിരിക്കും ചർച്ച നടക്കുക. യു.എസ്, ഈജിപ്ത് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
നേരത്തെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 ഫലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച നടക്കുന്നത്. ഈ വർഷം ഇതുവരെ മുതിർന്നവരും കുട്ടികളും ഉൾപ്പടെ 62 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇസ്രായേലിന്റെ ഏകപക്ഷീയമായ നടപടികളെ തുടർന്നുണ്ടാവുന്ന സംഘർഷം കുറക്കാൻ ജോർദാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് രാഷ്ട്രീയ സുരക്ഷാ യോഗമെന്ന് അധികൃതർ വിശദീകരിച്ചു. ഫലസ്തീനികൾ നിലവിൽ അനുഭവിക്കുന്ന സുരക്ഷാ പ്രശ്നവും സാമ്പത്തിക പ്രശ്നങ്ങളും പരമാവധി ഒഴിവാക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്ത് ആദ്യമായാണ് ഇത്തരമൊരു യോഗം നടക്കുന്നതെന്ന് ജോർദാൻ പ്രതിനിധികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
നേരത്തെ ജോർദാൻ രാജാവ് അബ്ദുല്ല യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റിന് മുമ്പാകെ ഫലസ്തീൻ വിഷയവും അദ്ദേഹം ഉയർത്തിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും അദ്ദേഹം ജനുവരിയിൽ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.