മാക്രോണിനെതിരെ പ്രതിഷേധം; ഫ്രഞ്ച് ഉൽപന്നങ്ങൾ ജോർദാനിലെ സൂപ്പർമാർക്കറ്റ് ബഹിഷ്കരിച്ചു
text_fieldsഅമ്മാൻ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണിന്‍റെ മുസ് ലിം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ജോർദാനിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഫ്രഞ്ച് ഉൽപന്നങ്ങൾ നീക്കം ചെയ്തു. പശ്ചിമേഷ്യയിൽ ഉടനീളം ശൃംഖലയുള്ള സൂപ്പർമാർക്കറ്റ് ആണ് ഫ്രഞ്ച് ഉൽപന്നങ്ങൾ അലമാരകളിൽ നിന്ന് നീക്കിയത്.
മേക്കപ്പ്, ഡയറി, വിവിധ ബ്രാൻഡുകളുടെ അടുക്കള പാത്രങ്ങൾ അടക്കമുള്ള ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരുന്ന അലമാരകൾ ബഹിഷ്കരണത്തിന്‍റെ ഭാഗമായി തുണി ഉപയോഗിച്ച് മൂടി. "മുഹമ്മദ് നബിയോട് ഐക്യദാര്‍ഢ്യം, അദ്ദേഹത്തിന് സമാധാനം, എല്ലാ ഫ്രഞ്ച് ഉൽപന്നങ്ങളും ബഹിഷ്‌കരിക്കുന്നു" എന്ന് അറബി ഭാഷയിൽ എഴുതിയ പേപ്പറും അലമാരകളിൽ പതിച്ചിട്ടുണ്ട്.
മാക്രോണിന്‍റെ മോശം പരാമർശമാണ് തീരുമാനത്തിന് പിന്നില്ലെന്ന് സൂപ്പർമാർക്കറ്റിന്‍റെ മാനേജർ സഹർ ദിർബഷി പറഞ്ഞു. ഞങ്ങളുടെ മതത്തെയും അതിന്‍റെ തത്വസംഹിതകളെയും ഫ്രാൻസിലെ ജനങ്ങൾ ബഹുമാനിക്കുന്നു. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യവും നൽകുന്നുണ്ട്. അവരത് കാർട്ടൂണിലൂടെ കാണിക്കുന്നു. ഞങ്ങളത് സമ്പദ്‌വ്യവസ്ഥയിലൂടെ പ്രകടിപ്പിക്കുന്നു. ആത്യന്തികമായി ആരാണ് കൂടുതൽ ശക്തമെന്ന് ഞങ്ങൾ കാണുമെന്നും മാനേജർ പറഞ്ഞു.
ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണ്‍ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മാക്രോണിന്‍റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങൾ കൂടുതൽ കത്തിപ്പടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.