അസാൻജിനെ അമേരിക്കയിലേക്ക് നാടുകടത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി
text_fields
അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ചാരവൃത്തി ആരോപിച്ച് ബ്രിട്ടൻ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തരുതെന്ന് ബ്രിട്ടീഷ് കോടതി. യു.എസിൽ അസാൻജിനെ കാത്തിരിക്കുന്നത് അതിസുരക്ഷയുള്ള ഏകാന്ത തടവും പീഡനവുമായതിനാൽ ആത്മഹത്യ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് കോടതി ജഡ്ജി വനേസ ബരെയ്റ്റ്സർ 49കാരനെ നാടുകടത്താൻ അനുമതി നിഷേധിച്ചത്. ഒരു പതിറ്റാണ്ട് നീണ്ട വാദവിവാദങ്ങൾക്ക് താത്കാലിക വിരാമമിടുന്നതാണ് നിർണായക വിധി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ സൈനിക നീക്കത്തിനിടെ നടന്ന കൊടുംക്രൂരതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ അഞ്ചു ലക്ഷത്തിലേറെ രഹസ്യ ഫയലുകൾ പുറത്തുവിട്ട അസാൻജിനെതിരെ അമേരിക്ക 18 ഓളം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2010ലാണ് ലോകത്തെ ഞെട്ടിച്ച് ഫയലുകൾ പുറത്തുവന്നത്.
അസാൻജിനെതിരെ പ്രതികാര നടപടി ശക്തമാക്കിയ അമേരിക്ക നാട്ടിലെത്തിച്ച് കൂടുതൽ ശിക്ഷ നൽകാൻ ശ്രമം ഊർജിതമാക്കിയിരുന്നു. 175 വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് അസാൻജിനെ യു.എസിൽ കാത്തിരിക്കുന്നത്. അമേരിക്കൻ രഹസ്യാനേഷണ ഉദ്യോഗസ്ഥൻ ചെൽസി മാനിങ് വഴിയാണ് അസാൻജ് നിർണായക ഫയലുകൾ ചോർത്തിയത്.
അതേ സമയം, ഒരു മാധ്യമ പ്രവർത്തകനെന്ന നിലക്ക് രേഖകൾ പുറത്തുവിട്ടാൽ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് അസാൻജ് ബോധവാനായിരുന്നുവെന്നും അതിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും ബ്രിട്ടീഷ് കോടതി വ്യക്തമാക്കി.
മാനസിക സമ്മർദവും ശ്വസന പ്രശ്നവും നേരിടുന്ന അസാൻജിെൻറ സ്ഥിതിഗതികൾ അടുത്തിടെ കൂടുതൽ വഷളായിരുന്നു.
അമേരിക്കയിലേക്ക് നാടുകടത്തുന്നതിനെ വിമർശിച്ച് യു.എൻ മാത്രമല്ല, ജർമനി ഉൾപെടെ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ആസ്ട്രേലിയൻ പൗരനായ അസാൻജിന് മാപ്പുനൽകാൻ യു.എൻ ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ, അധികാരത്തിന് പുറത്തേക്ക് ജനം വഴിതുറന്ന ട്രംപ് അസാൻജിന് മാപ്പു നൽകുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. അസാൻജിെൻറ കാമുകി മോറിസ് ഈ ആവശ്യവുമായി ട്രംപിനെ നേരിട്ട് കാണുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.