ജൂലിയൻ അസാൻജ് ജയിൽമോചിതനായി
text_fieldsലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായുള്ള ജയിൽവാസത്തിനൊടുവിലാണ് ജാമ്യം.
യു.എസ് രഹസ്യരേഖകൾ പുറത്തുവിട്ട സംഭവത്തിൽ അസാൻജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. 15 വർഷം മുമ്പ് നടന്ന സംഭവത്തിനുപിന്നാലെ ആസ്ട്രേലിയൻ കമ്പ്യൂട്ടർ വിദഗ്ധനായ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴുവർഷം അഭയം തേടിയിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന കേസിൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
2010ലും 2011ലും അമേരിക്കയെ നടുക്കി സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങൾ വിക്കിലീക്സ് പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് അസാൻജ് യു.എസിന്റെ കണ്ണിലെ കരടായത്. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാൻജിനെ ശത്രുവായി പ്രഖ്യാപിച്ച യു.എസ് പിടികൂടി വിചാരണ നടത്താൻ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
യു.എസുമായുള്ള കരാർ പ്രകാരം കുറ്റസമ്മതം നടത്തിയതോടെയാണ് അസാൻജ് ജയിൽമോചിതനായതെന്നാണ് റിപ്പോർട്ടുകൾ. 62 മാസം ജയിൽശിക്ഷക്കുള്ള കുറ്റമാണ് അസാൻജിനെതിരെയുള്ളത്. ബ്രിട്ടനിൽ ജയിലിൽ കഴിഞ്ഞ അഞ്ച് വർഷം പരിഗണിച്ച് അസാൻജ് മോചിതനാകും.
അസാൻജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആസ്‌ട്രേലിയന്‍ സർക്കാർ യു.എസിനോട് അഭ്യർഥിച്ചിരുന്നു. ഇത് പരിഗണിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അസാൻജ് മോചിതനായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.