കാബൂൾ വിമാനത്താവളം തുറന്നു
text_fieldsകാബൂൾ: സംഘർഷാവസ്ഥയെ തുടർന്ന് അടച്ചിട്ട കാബൂൾ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചുവെന്ന് യു.എസ്. അമേരിക്കൻ സൈനികരുമായി വിമാനം കാബൂളിൽ ലാൻഡ് ചെയ്തു. യു.എസ് മേജർ ജനറൽ ഹാങ്ക് ടെയ്ലറാണ് ഇക്കാര്യം അറിയിച്ചത്.
3500ഓളം യു.എസ് സൈനികർ നിലവിൽ അഫ്ഗാനിസ്താനിലുണ്ട്. അവരുടെ സഹായത്തോടെ അഫ്ഗാനിസ്താനിലെ രക്ഷാപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുകയാണ് അമേരിക്കയുടെ ലക്ഷ്യം. വിമാനത്താവളം പൂർണമായി തുറന്നുവെന്നും അഫ്ഗാനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള വിമാനങ്ങൾ വൈകാതെയെത്തുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആയിരക്കണക്കിന് അഫ്ഗാനികൾ എത്തിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത്. തുടർന്ന് വിമാനത്താവളത്തിന്റെ റൺവേയിലും വിമാനങ്ങൾക്ക് മുകളിലുമെല്ലാം ആളുകൾ നിലയുറപ്പിക്കുകയായിരുന്നു. അതേസമയം, അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനായി ഇന്ത്യ യു.എസിന്റെ സഹായം തേടി.
പ്രധാന താലിബാൻ നേതാക്കൾ
പാശ്ചാത്യ പിന്തുണയുള്ള അഫ്ഗാൻ സർക്കാറിനെ 2001ൽ അധികാരത്തിൽനിന്ന് നീക്കം ചെയ്തതിനുശേഷം താലിബാനെ നയിക്കുന്ന ആറ് പ്രധാന വ്യക്തികൾ ഇവരാണ്.
ഹിബത്തുല്ല അഖുൻസാദ
രാഷ്ട്രീയ, മത, സൈനിക കാര്യങ്ങളിൽ അന്തിമ അധികാരം വഹിക്കുന്ന താലിബാെന്റ പരമോന്നത നേതാവ്. 2016ൽ അഫ്ഗാൻ-പാക് അതിർത്തിക്ക് സമീപം യു.എസ് ഡ്രോൺ ആക്രമണത്തിൽ മുൻഗാമിയായ അക്തർ മൻസൂർ കൊല്ലപ്പെട്ടപ്പോൾ അഖുൻസാദ ചുമതലയേറ്റു. 2016 മെയിൽ അപ്രത്യക്ഷമാകുന്നതുവരെ തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ കുച്ച്ലാക്കിലെ ഒരു പള്ളിയിൽ അഖുൻസാദ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുവെന്ന് പറയുന്നു.
മുല്ല മുഹമ്മദ് യഅ്ഖൂബ്
താലിബാൻ സ്ഥാപകൻ മുല്ല ഉമറിെന്റ മകൻ. സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് മുല്ല യഅ്ഖൂബ് അഫ്ഗാനിസ്താനിൽ തന്നെയുണ്ട്. തുടർച്ചയായ പോരാട്ടങ്ങളിലിലൂടെ താലിബാെന്റ നേതാവായി നിർദേശിക്കപ്പെട്ടിരുന്നു. 30കളുടെ തുടക്കത്തിലാണ് പ്രായം എന്ന് കരുതുന്നു. എവിടെയാണെന്നത് അജ്ഞാതം.
സിറാജുദ്ദീൻ ഹഖാനി
പ്രമുഖ മുജാഹിദീൻ കമാൻഡർ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ. പാക്-അഫ്ഗാൻ അതിർത്തിയിലുടനീളമുള്ള താലിബാെന്റ സാമ്പത്തിക- സൈനിക സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുന്ന സംഘടിത ഗ്രൂപ്പായ ഹഖാനി നെറ്റ്വർക്കിനെ നയിക്കുന്നു. മുൻ പ്രസിഡന്റ് ഹാമിദ് കർസായിക്ക് നേരെയുള്ള വധശ്രമം, ഇന്ത്യൻ എംബസി ചവേർ ആക്രമണം അടക്കം അഫ്ഗാനിലെ വൻ ആക്രമണങ്ങളുടെ കാരണക്കാരാണ് ഹഖാനികൾ. ഹഖാനി തെന്റ 40കളുടെ അവസാനത്തിലോ 50കളുടെ തുടക്കത്തിലോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എവിടെയെന്ന് അജ്ഞാതം.
മുല്ല അബ്ദുൽ ഗനി ബറാദാർ
താലിബാെന്റ സ്ഥാപകരിലൊരാളായ ബറാദാർ ഇപ്പോൾ സംഘത്തിെന്റ രാഷ്ട്രീയ കാര്യാലയ ത്തിെന്റ തലവനാണ്. വെടിനിർത്തലിനും ശാശ്വത സമാധാനത്തിനും വഴിയൊരുക്കാൻ ശ്രമിക്കുന്ന ദോഹ അനുരഞ്ജന ചർച്ചാ സംഘത്തിെന്റ ഭാഗമായിരുന്നു. അഫ്ഗാനിൽ സമീപ മാസങ്ങളിൽ കാര്യമായ മുന്നേറ്റം നടത്തുന്നതിൽ ഈ പ്രക്രിയ പരാജയപ്പെട്ടു. മുല്ല ഉമറിെന്റ ഏറ്റവും വിശ്വസ്തനായ കമാൻഡർമാരിൽ ഒരാളായ ബറാദാറിനെ 2010ൽ പാക് നഗരമായ കറാച്ചിയിൽവെച്ച് സുരക്ഷാ സേന പിടികൂടി. എന്നാൽ, 2018ൽ പുറത്തുവിട്ടു.
ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ്
അധികാരത്തിൽനിന്ന് താലിബാൻ സർക്കാർ നീക്കംചെയ്യപ്പെടുന്നതിന് മുമ്പ് മുൻ ഉപമന്ത്രിയായിരുന്നു സ്താനിക്സായ്. ദശാബ്ദത്തോളം ദോഹയിൽ താമസിക്കുകയും 2015ൽ ഗ്രൂപ്പിെന്റ രാഷ്ട്രീയ കാര്യാലയത്തിെന്റ തലവനാവുകയും ചെയ്തു. അഫ്ഗാൻ സർക്കാറുരുമായുള്ള ചർച്ചകളിൽ പങ്കെടുത്തു. നിരവധി രാജ്യങ്ങളിലേക്കുള്ള നയതന്ത്ര യാത്രകളിൽ താലിബാനെ പ്രതിനിധാനം ചെയ്തു.
അബ്ദുൽ ഹകീം ഹഖാനി
താലിബാൻ ചർച്ചാ സംഘത്തിെൻറ തലവൻ. താലിബാെന്റ മുൻനിഴൽ ചീഫ് ജസ്റ്റിസ്. മതപണ്ഡിതരുടെ കൗൺസിലിന് നേതൃത്വം നൽകുന്നു. അഖുൻസാദയുടെ ഏറ്റവും വിശ്വസ്തൻ ആണെന്നും കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.