ഞാനായിരുന്നു പ്രസിഡന്‍റെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു -ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: താനായിരുന്നു യു.എസ് പ്രസിഡന്‍റെങ്കിൽ കാബൂളിലെ ഭീകരാക്രമണം സംഭവിക്കില്ലായിരുന്നുവെന്ന് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്‍റെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു -ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
കടമ നിർവഹിക്കുന്നതിനിടെയാണ് ധീരരായ അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായത്. രാജ്യത്തിന് വേണ്ടിയാണ് അവർ ജീവത്യാഗം ചെയ്തത്. അമേരിക്കയുടെ ഹീറോകളായാണ് അവർ മരിച്ചത്. അവരുടെ സ്മരണയെ രാഷ്ട്രം എന്നും ബഹുമാനിക്കും -ട്രംപ് പറഞ്ഞു.
ഈ ദുരന്തം സംഭവിക്കാൻ അനുവദിക്കരുതായിരുന്നു എന്നത് നമ്മുടെ ദു:ഖത്തിന്‍റെ ആഴം വർധിപ്പിക്കുന്നു. മനസിലാക്കാൻ പ്രയാസമുള്ളതാക്കുന്നു. താലിബാൻ ശത്രുക്കളാണ്. താലിബാൻ നേതാക്കളുമായി ഞാൻ ഇടപഴകിയിട്ടുണ്ട്. നമ്മളുമായി വർഷങ്ങളായി പോരാടുന്നവരാണവർ. ഇപ്പോൾ നമ്മളെ സംരക്ഷിക്കാൻ അവരെയാണോ ഉപയോഗിക്കുന്നത്? നമ്മുടെ 13 സൈനികർ ഉൾപ്പെടെ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതൊരു തുടക്കം മാത്രമാണ് -ട്രംപ് പറഞ്ഞു.
അഫ്ഗാൻ മുൻ പ്രസിഡന്‍റ് അഷ്റഫ് ഗനി കള്ളനാണെന്ന് പറഞ്ഞ ട്രംപ്, ഗനിക്ക് യു.എസ് സെനറ്റിൽ ശക്തമായ സ്വാധീനമുണ്ടെന്നും ആരോപിച്ചു. സെനറ്റിലും കോൺഗ്രസിലും ഗനിക്ക് ആൾക്കാരുണ്ടായിരുന്നു. അഫ്ഗാനു മേൽ ഗനിക്ക് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നെങ്കിലും യു.എസ് സെനറ്റിൽ ശക്തമായ സ്വാധീനം ഉണ്ടെന്നുള്ളത് ഭീകരമാണ് -ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയിരിക്കുകയാണ്. യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുൾപ്പെടും. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസിന്‍റെ അഫ്ഗാനിലെ പ്രാദേശിക ഘടകമായ ഐ.എസ് ഖൊറാസൻ ഏറ്റെടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.