കാബൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർ 110 ആയി
text_fieldsകാബൂൾ: താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്താനിൽ രാജ്യം വിടാനായി കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. മരിച്ചവരിൽ 13 യു.എസ് സൈനികരും പെടും. വ്യാഴാഴ്ച വൈകീട്ട് വിമാനത്താവള കവാടത്തിനരികിലാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം അഫ്ഗാനിസ്താനിലെ ഐ.എസ് ശാഖയായ 'ഐ.എസ്-ഖുറാസാൻ പ്രവിശ്യ' ഏറ്റെടുത്തു. അഫ്ഗാനിലെ യു.എസ് സൈനികരെയും അവരെ സഹായിക്കുന്നവരെയുമാണ് ലക്ഷ്യമിട്ടതെന്നും അവർ കൂട്ടിച്ചേർത്തു. സ്േഫാടനം നടത്തിയ ഒരാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഐ.എസ് പതാകക്കുമുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച ബെൽറ്റ് ധരിച്ചുനിൽക്കുന്ന ഇയാൾ കണ്ണുകൾ മാത്രം കാണുന്നരീതിയിൽ മുഖം മറച്ചിട്ടുണ്ട്.
എന്നാൽ, രണ്ടാമത്തെ സ്ഫോടനം നടത്തിയതാരാണെന്ന് ഐ.എസ് വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളത്തിന് സമീപത്തെ താലിബാൻ ചെക്ക്പോസ്റ്റുകൾ മറികടന്നാണ് ചാവേർ യു.എസ് സൈനികർക്ക് അടുത്തെത്തിയതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ട്.
യു.എസ് സൈനികർക്കുനേരെ ആക്രമണം നടത്തിയവരെ വേട്ടയാടിപ്പിടിച്ച് കണക്കുതീർക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകി. 'അമേരിക്കക്ക് ഉപദ്രവമേൽപ്പിച്ചവരെ ഞങ്ങൾ മറക്കില്ല, അവരോട് ഞങ്ങൾ പൊറുക്കില്ല' -ബൈഡൻ പറഞ്ഞു. അതിനിടെ, അഫ്ഗാനിൽനിന്ന് മറ്റു രാജ്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. യു.എസ്, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെയെല്ലാം ഒഴിപ്പിക്കുന്നുണ്ട്. ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായി യു.എസ് അറിയിച്ചു. 5,000ത്തോളം പേർ ഒഴിപ്പിക്കലിനായി വിമാനത്താവള പരിസരത്ത് കാത്തിരിക്കുന്നുണ്ടെന്ന് യു.എസ് സെൻട്രൽ കമാൻഡ് ചീഫ് ജന. ഫ്രാങ്ക് മക്കൻസി പറഞ്ഞു. ബ്രിട്ടെൻറ ഒഴിപ്പിക്കൽ അവസാനഘട്ടത്തിലെത്തിയതായി പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു. ഒഴിപ്പിക്കൽ പൂർത്തിയാക്കിയതായി സ്പെയിൻ വ്യക്തമാക്കി.
അമേരിക്കക്കാരെ രക്ഷിക്കുന്നത് തുടരുമെന്നും അഫ്ഗാനിൽ തങ്ങളെ സഹായിച്ചവരെയും പുറത്തെത്തിക്കുമെന്നും യു.എസ് പ്രസിഡൻറ് ബൈഡൻ പറഞ്ഞു.തങ്ങളുടെ 12 സൈനികരടക്കം നിരവധി പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ കടുത്ത പ്രതികരണവുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ രംഗത്തെത്തി. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം നടത്തിയവർക്കും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കാര്യം അറിയാം - ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും, പകരം വീട്ടുകയും ചെയ്യും -വൈറ്റ് ഹൈസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.