അഫ്ഗാനിലേത് ഏറ്റവും ദുഷ്കരമായ ഒഴിപ്പിക്കൽ ദൗത്യമെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കലിന്‍റെ അന്തിമ ഫലം എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ചരിത്രത്തിലെ ഏറ്റവും വിഷമകരമായ ഒഴിപ്പിക്കൽ ദൗത്യങ്ങളിലൊന്നാണ് ഇതെന്നും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിനു ശേഷമുള്ള സാഹചര്യം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.
''ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായതും ബുദ്ധിമുട്ടേറിയതുമായ ഒഴിപ്പിക്കലുകളിൽ ഒന്നാണിത്. അന്തിമ ഫലം എന്താണെന്ന് പ്രവചിക്കാൻ ഇപ്പോൾ കഴിയില്ല.'' -യു.എസ് പ്രസിഡൻറ് വിശദീകരിച്ചു. അഫ്ഗാനിസ്താനിലെ മുഴുവൻ അമേരിക്കക്കാരെയും നാട്ടിലെത്തിക്കുമെന്നും താലിബാനുമായി നിരന്തരം ബന്ധപ്പെട്ടു വരുകയാണെന്നും യു.എസ് പൗരന്മാർക്ക് കാബൂൾ വിമാനത്താവളത്തിൽ എത്തുന്നതിൽ തടസ്സങ്ങളുണ്ടാകരുതെന്ന കാര്യത്തിൽ താലിബാനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് കനത്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റ തീരുമാനം അമേരിക്കയുടെ വിശ്വാസ്യതക്ക് മങ്ങലേൽപിച്ചോ എന്ന ചോദ്യത്തിന്, തങ്ങളുടെ വിശ്വാസ്യത എവിടെയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.