കമല ഹാരിസിന്റെ പൗരത്വം ചോദ്യം ചെയ്ത അമേരിക്കൻ മാസിക മാപ്പ് പറഞ്ഞു
text_fields
വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അമേരിക്കൻ മാസികയായ ന്യൂസ് വീക്. വംശീയതയും പരദേശീസ്പര്ദ്ധയും വളർത്തുന്നതിന് ലേഖനം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്.
ലേഖനം വളച്ചൊടിക്കുകയും ആയുധമാക്കുകയും വികൃതമാക്കുകയും ചെയ്യുന്നത് തടയുന്നതിൽ മാസിക പരാജയപ്പെട്ടു. അതിനാൽ, ഖേദം പ്രകടിപ്പിക്കുന്നതായും ഒപീനിയൻ എഡിറ്റർ ജോഷ് ഹമ്മറും ഗ്ലോബൽ എഡിറ്റർ ഇൻ ചീഫ് നാൻസി കൂപ്പറും ഒപ്പുവെച്ച ക്ഷമാപണത്തിൽ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ ഭരണഘടന പൗരത്വത്തിന് ജനനം മാനദണ്ഡമാക്കുന്നില്ലെന്നാണ് അഭിഭാഷകനായ ജോൺ ഈസ്റ്റ്മാൻ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. മാതാപിതാക്കൾ കുടിയേറ്റക്കാരാണെന്ന കമല ഹാരിസിന്റെ യോഗ്യതയിൽ ഈസ്റ്റ്മാൻ സംശയം രേഖപ്പെടുത്തിയിരുന്നു. കമലയുടെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണെന്നും ലേഖനത്തിൽ വിവരിച്ചിരുന്നു.
ജമൈക്കൻ-ഇന്ത്യൻ ദമ്പതികളുടെ മകളായി പിറന്ന കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റാകാൻ നിയമപരമായി യോഗ്യയല്ലെന്ന് ഡോണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം നിലനിൽക്കുന്നതല്ലെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ, മുൻ പ്രസിഡൻറ് ബറാക് ഒബാമക്കെതിരെയും ട്രംപ് സമാന ആരോപണം ഉന്നയിച്ചിരുന്നു.
അമേരിക്കയിൽ ജനിച്ച് സ്വാഭാവിക പൗരത്വം ഉണ്ടാവുകയും 35 വയസ് പൂർത്തിയാവുകയും 14 വർഷമായി രാജ്യത്ത് താമസിക്കുകയും ചെയ്യുന്ന ആളാകണം പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെന്നാണ് നിയമം. കമല ഈ യോഗ്യതകളെല്ലാം ഉള്ളയാളാണെന്ന് നോർത്ത്വെസ്റ്റേൺ യൂനിവേഴ്സിറ്റി നിയമവിഭാഗം പ്രഫസർ ജൂലിയറ്റ് സോറൻസെൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടനയുടെ 14ാം ഭേദഗതിയുടെ ഒന്നാം ഭാഗത്തിൽ, യു.എസിൽ ജനിച്ച ആരും യു.എസ് പൗരത്വം നേടുമെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും 1890 മുതൽ ഇക്കാര്യം സുപ്രീംകോടതി ശരിവെച്ചതാണെന്നും ബെർക്ലി ലോ സ്കൂൾ ഡീൻ എർവിൻ കെമറിൻസ്കി വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.