പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ബൈഡനേക്കാൾ നല്ലത് കമല ഹാരിസെന്ന് സർവേ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ, നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാൾ വിജയസാധ്യത വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സർവേ റിപ്പോർട്ട്. 78കാരനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപുമായുള്ള സംവാദത്തിനു ശേഷം 81കാരനായ ബൈഡന്റെ ജനപ്രീതി വൻതോതിൽ ഇടിഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സി.എൻ.എൻ സർവേ ഫലം പുറത്തുവിട്ടത്.
സർവേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോൾ, പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ ആറ് പോയന്റ് പിന്നിലാണ്. അതേസമയം, 59കാരിയായ കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തിൽ വോട്ടർമാരുടെ പിന്തുണയിൽ ഇരുവർക്കുമിടയിൽ നേരിയ വ്യത്യാസമേയുള്ളൂ. 47 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുണ്ട്. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനാണ്. എന്നാൽ, സ്ഥാനാർഥി ബൈഡനാണെങ്കിൽ ഡെമോക്രാറ്റുകൾക്കുള്ള സ്ത്രീ വോട്ടർമാരുടെ പിന്തുണ 44 ശതമാനമായി കുറയും.
സാധാരണ ഗതിയിൽ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിനു ശേഷം, ആരാണ് മികവ് പുലർത്തിയതെന്ന് ചർച്ചയാവാറുണ്ട്. എന്നാൽ, ഇത്തവണത്തെ സംഭവങ്ങൾ പലതും അസാധാരണമാണ്. നേരത്തേ ട്രംപുമായുള്ള സംവാദത്തിനു ശേഷം ബൈഡൻ മത്സരത്തിൽനിന്ന് പിന്മാറണമെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ ആവശ്യമുയർന്നിരുന്നു.
പലയിടത്തും ബൈഡന്‍റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നെന്നും ദയനീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും വിമർശനമുയർന്നു. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ബൈഡന് കഴിഞ്ഞില്ല. ഇതിന് ബൈഡന്‍റെ പ്രായാധിക്യവും കാരണമായെന്നാണ് വിലയിരുത്തൽ. 90 മിനിറ്റ് നീണ്ടുനിന്ന സംവാദം, നാലര കോടിയോളം പേർ ടെലിവിഷനിലൂടെ കണ്ടെന്നാണ് കണക്കുകൾ.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിയിൽ നടത്തിയ ഇപ്സോസ് വോട്ടെടുപ്പിൽ മിഷേൽ ഒബാമയെക്കാൾ 11 പോയന്റോടെ ട്രംപ് മുന്നിലാണ്. 39 പോയന്റ് മിഷേലിന് ലഭിച്ചപ്പോൾ ട്രംപിന്റേത് 50 ശതമാനമാണ്. എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മിഷേൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.