ആദ്യ റാലിയിൽ തന്നെ ട്രംപിനെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്
text_fieldsന്യൂയോർക്ക്: യു.എസ്. പ്രസിഡന്റായി ജോ ബൈഡൻ നിർദേശിച്ചതിനു ശേഷം നടന്ന ആദ്യ റാലിയിൽ തന്നെ ട്രംപിനെതിരെ ആഞ്ഞടിച്ച് നിയുക്ത പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുൻ പ്രോസിക്യൂട്ടറും ശിക്ഷിക്കപ്പെട്ട കുറ്റവാളിയും തമ്മിലുള്ള പോരാട്ടമായാണ് കമല വിശേഷിപ്പിച്ചത്.
വിസ്കോൺസിനിൽ മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തെ അവർ അഭിസംബോധനം ചെയ്തു. സ്വാതന്ത്ര്യവും അനുകമ്പയും നിയമവാഴ്ചയും ഉള്ള ഒരു രാജ്യത്ത് ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതോ കുഴപ്പവും ഭയവും വെറുപ്പും ഉള്ള ഒരു രാജ്യത്ത് ജീവിക്കണോ? ജനക്കൂട്ടത്തോട് കമല ചോദിച്ചു. അതേ സമയം, കമല ഹാരിസ് തൊടുന്നതെല്ലാം നശിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
ഡെമോക്രാറ്റിക് പ്രതിനിധികളിൽ ഭൂരിഭാഗം പേരുടെയും പിന്തുണ അവർക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയുടെ നോമിനിയാകാനുള്ള വഴി തുറന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡൻ താൻ പ്രസിഡൻഷ്യൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയും വൈസ് പ്രസിഡൻറ് കമല ഹാരിസിനെ നിർദേശിക്കുകയും ചെയ്തത്.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ട്രംപിനേക്കാൾ രണ്ട് പോയന്റ് ലീഡ് കമല ഹാരിസിന് ഉള്ളതായി റോയിട്ടേഴ്‌സ്, ഇപ്‌സോസ് എന്നിവയിൽ നിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം, യു.എസ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയില്ലാത്ത വൈസ് പ്രസിഡന്റാണ് കമല ഹാരിസ് എന്ന സർവേയെ കുറിച്ച് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതിനിടെ പിന്മാറാനുള്ള തന്റെ തീരുമാനം വിശദീകരിച്ച് ബൈഡൻ ഓവൽ ഓഫീസിൽ ഇന്ന് സംസാരിക്കും. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച അദ്ദേഹം ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ തിരിച്ചെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.