സുവർണ കമലം; യു.എസ് വൈസ് പ്രസിഡൻറായി കമല ഹാരിസ്; കാത്തിരിക്കുന്നത് പ്രസിഡൻറ് പദം
text_fieldsചരിത്രം മാടിവിളിക്കുകയാണ് കമലയെ. അതിൽ ഇന്ത്യക്കും അഭിമാനിക്കാം. ഈ നാടിെൻറയും മകളാണവർ. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻറ് എന്നത് ഇപ്പോഴത്തെ അപൂർവ ചരിത്രം. എന്നാൽ, അതിനേക്കാൾ വലിയൊരു നിയോഗം കാത്തിരിക്കുന്നുണ്ട്. നാലു വർഷം കഴിഞ്ഞാൽ 99 ശതമാനവും െഡമോക്രാറ്റിക് പാർട്ടിയുടെ യു.എസ് പ്രസിഡൻറ് സ്ഥാനാർഥി. അതിലും ജയിച്ചാൽ, അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡൻറ്. 78കാരനായ ജോ ബൈഡന് പ്രായാധിക്യംകൊണ്ട് ഇനിയൊരു മത്സരത്തിന് സാധ്യത കുറവാണെന്നതാണ് കമലക്കു മുന്നിലെ സുവർണാവസരമാകുന്നത്. കാലിഫോർണിയയിലെ കറുത്തവർഗക്കാരിയായ ആദ്യ അറ്റോർണി ജനറൽ എന്നതായിരുന്നു കമലയുടെ ആദ്യ റെക്കോഡ്. യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യക്കാരി എന്നത് അടുത്തത്.
യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും മനുഷ്യാവകാശ സമരങ്ങളും സജീവമായിരുന്ന കാലഘട്ടത്തിൽ കാലിഫോർണിയയിലെ ഓക്ലാൻഡിൽ 1964 ഒക്ടോബർ 20നാണ് കമല ഹാരിസിെൻറ ജനനം. വാഷിങ്ടണിലെ ഹോവാർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ കമല കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദവും നേടി. രണ്ടുവട്ടം സാൻഫ്രാൻസിസ്കോ ജില്ല അറ്റോർണി പദവി വഹിച്ചു.
2010ൽ കാലിഫോർണിയ അറ്റോർണിയായി. 2016ൽ സെനറ്ററും. അമേരിക്കയുടെ രണ്ടാമത്തെ കറുത്തവർഗക്കാരിയായ വനിത സെനറ്റർ എന്ന വിശേഷണം കൂടി അന്നവർക്ക് കിട്ടി. അക്കാലത്ത് ഡെലാവെർ സംസ്ഥാനത്ത് അറ്റോർണിയായിരുന്ന ജോ ബൈഡെൻറ മകൻ ബ്യൂ ബൈഡനുമായി അടുത്ത സൗഹൃദമായിരുന്നു കമലക്ക്. 2015ൽ 46ാം വയസ്സിൽ മസ്തിഷ്കാർബുദം ബാധിച്ചാണ് ബ്യൂ മരിക്കുന്നത്.
''ബ്യൂ എത്രത്തോളം കമലയെ വിലമതിച്ചിരുന്നു എന്നെനിക്കറിയാം. അതെനിക്കും വലുതാണ്'' -കമലയെ കൂടെ നിർത്തി ജോ ബൈഡൻ പൊതുവേദിയിൽ ആദ്യം പറഞ്ഞ വാക്കുകൾ. അറ്റോർണി പദവിയിൽ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും മിന്നിത്തിളങ്ങിയ കമലയാകട്ടെ പ്രചാരണത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. നിയമത്തിെൻറ ബലമുള്ള വ്യക്തിത്വവും ആരേയും മുട്ടുകുത്തിക്കുന്ന 'ഹൈ വോൾട്ട്' ചിരിയും എന്നും കമലയുടെ കരുത്തായിരുന്നു.
ആദ്യ ഡെമോക്രാറ്റിക് ഡിബേറ്റിൽ ബൈഡനും കമലയും പരസ്പരം കോർത്തെങ്കിലും അതൊന്നും കമലയെ 'കൂട്ടുകാരി'യാക്കുന്നതിൽനിന്ന് ബൈഡനെ പിന്തിരിപ്പിച്ചില്ല. റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥി മൈക് പെൻസുമായി ഒരിക്കൽ മാത്രമാണ് കമലയുടെ ഡിബേറ്റുണ്ടായത്. ഡിബേറ്റിനിടെ പെൻസ് കമലയെ തടസ്സപ്പെടുത്തിയപ്പോൾ ''മിസ്റ്റർ വൈസ് പ്രസിഡൻറ്, എെൻറയാണ് അവസരം, എെൻറയാണ് അവസരം'' എന്ന് ആവർത്തിച്ചു പറഞ്ഞ് അവർ പെൻസിനെ നിശ്ശബ്ദനാക്കി. മണിക്കൂറുകൾ കഴിയുംമുേമ്പ കമലയുടെ അതേ വാക്കുകൾ എഴുതിയ ടീ ഷർട്ടുകൾ ഓൺലൈനിൽ വിൽപനക്കെത്തിയിരുന്നു.
2017ൽ റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ കാപിറ്റോൾ ഹില്ലിൽ നടന്ന വാദത്തിനിടെ അറ്റോർണി ജനറലായിരുന്ന ജെഫ് സെഷൻസിനെ കമല ചോദ്യങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കിയതിെൻറ വിഡിയോ വൈറലായിരുന്നു. അമേരിക്കൻ വൈസ് പ്രസിഡൻറ് എന്നാൽ, പ്രസിഡൻറിൽനിന്ന് ഹൃദയമിടിപ്പിെൻറ ദൂരമേയുള്ളൂ എന്നാണ് പറച്ചിൽ. അവിടെയാണിപ്പോൾ കമലയെന്നത് അസാധ്യ നേട്ടമായിത്തന്നെ ചരിത്രം വിലയിരുത്തും.
കമലയുടെ വഴികൾ
അമേരിക്കയിൽ കാൻസർ ഗവേഷകയായിരുന്ന, ചെന്നൈയിൽ ജനിച്ച ശ്യാമള ഗോപാലൻ ആണ് കമലയുടെ മാതാവ്. 1958ൽ തുടർ പഠനത്തിനായി ഇവർ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 1963ൽ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്രം പ്രഫസറായിരുന്ന ജമൈക്കക്കാരൻ ഡോണൾഡ് ഹാരിസിനെ വിവാഹം ചെയ്തു. 1971ൽ ബന്ധം വേർപിരിഞ്ഞു. തുടർന്ന് മാതാവിനൊപ്പം കമല കാനഡയിലെ മോൺട്രിയലിലേക്ക് താമസം മാറ്റി.
ബിരുദപഠനത്തിനായി അമേരിക്കയിൽ തിരിച്ചെത്തി. അലമേഡ കൗണ്ടിയിൽ ജില്ല ഡെപ്യൂട്ടി അറ്റോർണിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഡഗ്ലസ് എംഹോഫ് ആണ് ഭർത്താവ്. കോൾ എംഹോഫ് വളർത്തുമകനും എല്ല എംഹോഫ് വളർത്തുമകളും. കമലയുടെ ഇളയസഹോദരി മായ ഹാരിസ് പബ്ലിക് പോളിസി വിദഗ്ധയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.