നെതന്യാഹുവിനൊപ്പം യു.എസ് കോൺഗ്രസിനില്ലെന്ന് കമല ഹാരിസ്
text_fieldsവാഷിങ്ടൺ: സന്ദർശനത്തിനായി വാഷിങ്ടണിൽ എത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് കൂടിക്കാഴ്ച നടത്തും. എന്നാൽ, നെതന്യാഹു അഭിസംബോധന ചെയ്യുന്ന യു.എസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിക്കില്ലെന്ന് കമലയുടെ സഹായി വ്യക്തമാക്കി. ഈയാഴ്ച വൈറ്റ് ഹൗസിൽ നെതന്യാഹുവുമായി കമല കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ജോ ബൈഡൻ നിശ്ചയിച്ച യോഗത്തിന് പുറമെയാണിത്. ജൂലൈ 24ന് ഇൻഡ്യാനോപോളിസിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനാൽ യു.എസ് കോൺഗ്രസിനെ നെതന്യാഹു അഭിസംബോധന ചെയ്യുമ്പോൾ വൈസ് പ്രസിഡൻറ് കമല ഹാരിസ് അധ്യക്ഷത വഹിക്കാനുണ്ടാവില്ലെന്നും സഹായി വ്യക്തമാക്കി.
നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിൽ ഇസ്രായേലിന് സുരക്ഷ ഉറപ്പുവരുത്തി യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന കാഴ്ചപ്പാട് കമല പങ്കുവെക്കും. ബന്ധികളുടെ മോചനം സാധ്യമാക്കണമെന്നും ഗസ്സയിലെ മനുഷ്യരുടെ ദുരിതങ്ങൾക്ക് അറുതിവരുത്തണമെന്നും ഫലസ്തീനികൾക്ക് സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ഉറപ്പുവരുത്തണമെന്നും വെടിനിർത്തൽ വേണമെന്നുമുള്ള കാഴ്ചപ്പാടും പങ്കുവെക്കുമെന്ന് സഹായി അറിയിച്ചു. അതേസമയം കമലയുടെ തീരുമാനത്തെ സ്പീക്കർ മൈക്ക് ജോൺസൺ രൂക്ഷമായി വിമർശിച്ചു. സ്വതന്ത്രലോകത്തിന്റെ നേതാവായിരിക്കാൻ ആഗ്രഹിക്കുന്ന കമല അമേരിക്കയുടെ തന്ത്രപ്രധാനമായ സഖ്യകക്ഷി നേതാവ് സംസാരിക്കുന്ന യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് നല്ലതല്ലെന്ന് അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു.
യു.എസ് പ്രതിനിധിസഭയുടെ സംയുക്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റാണ് സാധാരണയായി അധ്യക്ഷത വഹിക്കുന്നത്.
ഫണ്ട് കൈമാറ്റം: ട്രംപ് പക്ഷം പരാതി നൽകി
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ജോ ബൈഡനായി സമാഹരിച്ച തുക പുതിയ സ്ഥാനാർഥിയായ കമല ഹാരിസിന്റെ പ്രചാരണത്തിനായി കൈമാറ്റം ചെയ്യരുതെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി ഫെഡറൽ ഇലക്ഷൻ കമീഷന് പരാതി നൽകി. ചൊവ്വാഴ്ചയാണ് ട്രംപിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ജനറൽ കൗൺസൽ ഡേവിഡ് വാറിങ്ടൺ പരാതി നൽകിയത്. കമല ഹാരിസിന് ഫണ്ട് കൈമാറുന്നത് ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.