കറാച്ചിയിൽ ചാവേറായി പൊട്ടിത്തെറിച്ചത് 30കാരിയായ അധ്യാപിക; രണ്ട് കുട്ടികളുടെ അമ്മ
text_fieldsകറാച്ചി: കറാച്ചിയില്‍ മൂന്ന് ചൈനക്കാരടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായത് 30കാരിയായ അധ്യാപിക. ബലൂചിസ്താനിലെ തര്‍ബാത്തിലെ നിയാസര്‍ അബാദ് സ്വദേശിയായ ഷാരി ബലൂച് ആണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് (ബി.എല്‍.എ) വെളിപ്പെടുത്തിയത്.
ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ഷാരിയെ ഒരു ദന്തഡോക്ടറാണ് വിവാഹം കഴിച്ചത്. എം.ഫില്‍ ഗവേഷകയായ ഇവര്‍ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. എട്ടും നാലും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. ചെറിയ മക്കളുള്ളതിനാൽ ദൗത്യത്തിൽനിന്ന് വിട്ടുനിൽക്കാൻ സംഘടനയിൽ ബ്രംശ് എന്നറിയപ്പെടുന്ന ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ സ്ക്വാഡിൽ തുടരുകയായിരുന്നെന്ന് ബി.എൽ.എ പറയുന്നു.
ബി.എൽ.എയുടെ മജീദ് ബ്രിഗേഡാണ് ചാവേർ ആക്രമണം നടത്തിയത്. പഠനകാലത്ത് ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ പ്രവർത്തിച്ചിരുന്ന ഷാരി രണ്ടു വർഷം മുമ്പാണ് ഈ ചാവേർ സ്ക്വാഡിൽ അംഗമാകുന്നത്. വിദ്യാർഥി ആയിരിക്കുമ്പോൾത്തന്നെ ബലൂചി വംശജർക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്താനിലെ കടന്നുകയറ്റത്തെക്കുറിച്ചും അവർക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ബി.എൽ.എ വക്താവ് ജീയാന്ത് ബലൂച് പറയുന്നു.
രണ്ട് വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂനിറ്റുകളിൽ അവർ പ്രവർത്തിച്ചിരുന്നു. മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികൾ അനുസരിച്ചാണ് തീരുമാനം പുനഃപരിശോധിക്കാൻ ഷാരിക്ക് അനുവാദം നൽകിയത്. ആറുമാസം മുമ്പ് ചാവേറാകാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അവർ അറിയിക്കുകയായിരുന്നുവെന്നും അതിനുശേഷം ദൗത്യം നടപ്പാക്കാനുള്ള തയാറെടുപ്പിലുമായിരുന്നെന്ന് ജീയാന്ത് ബലൂച് പറഞ്ഞു.
കറാച്ചി സര്‍വകലാശാലയില്‍ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിന് മുന്നിലായിരുന്നു സ്‌ഫോടനം. ഗസ്റ്റ് ഹൗസിൽനിന്ന് അധ്യാപകരെ കൊണ്ടുവന്ന വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിൽ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇതൊരു സ്ത്രീ ഉൾപ്പെട്ട ചാവേര്‍ ആക്രമണമാണെന്ന് കണ്ടെത്തിയത്.
കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെൻസാ എന്നിവരും പാകിസ്‍താൻകാരനായ വാൻ ഡ്രൈവറുമാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സ്‌ഫോടനം ചൈനക്ക് നല്‍കുന്ന വ്യക്തമായ സന്ദേശമാണെന്ന് ജീയാന്ത് ബലൂച് പറഞ്ഞു. ബലൂചിസ്താനില്‍ നേരിട്ടും അല്ലാതെയും ചൈന നടത്തുന്ന ഇടപെടല്‍ ഒരിക്കലും അനുവദിക്കാനാകില്ല. ഇതിൽ നിന്നും പാകിസ്താന് സഹായം നല്‍കുന്നതില്‍നിന്നും ചൈന പിന്മാറിയില്ലെങ്കില്‍ ഭാവിയിലെ ആക്രമണങ്ങള്‍ നിര്‍ദയമാകുമെന്നാണ് ബി.എല്‍.എ നൽകുന്ന മുന്നറിയിപ്പ്.
'ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ബലൂചിസ്താനിൽ അനുവദിക്കാൻ പറ്റില്ല എന്നതാണ് ചാവേർ ആക്രമണം വഴി ഉദ്ദേശിച്ചത്. കാരണം, അത് ചൈനയുടെ സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിപുലീകരണത്തിന്റെ പ്രതീകമാണ്. ബലൂചിസ്‍താനിലെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ചൈനക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ബലൂചികളെ വംശഹത്യ നടത്താൻ പാകിസ്താൻ സൈന്യത്തിന് സാമ്പത്തികമായും മറ്റും നൽകുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അവരുടെ ബലൂചിസ്താനിലെ വിപുലീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. ചൈന ബലൂചിസ്താനിൽ നടത്തുന്ന പ്രവർത്തനങ്ങള്‍ ഉടൻ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് ആണ് ഞങ്ങൾ നൽകിയത്' -ജീയാന്ത് ബലൂച് പറയുന്നു.
മജീദ് ബ്രിഗേഡിലെ പരിശീലനം സിദ്ധിച്ച നൂറുകണക്കിന് പേർ ഇത്തരം ആക്രമണങ്ങൾ നടത്താൻ തയാറായിരിക്കുകയാണെന്ന് പറഞ്ഞ ജീയാന്ത് ബലൂച്, ബലൂചിസ്താന്റെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് സമാധാനപരമായി പിന്മാറുകയാണ് പാകിസ്‍താന് നല്ലതെന്നും വ്യക്തമാക്കി.
തങ്ങളുടെ ആദ്യ വനിത ചാവേറാണ് ഷാരി ബലൂച് എന്ന് ബി.എൽ.എ പറയുന്നു. ഭാര്യ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത് ഞെട്ടിച്ചെങ്കിലും അവരെയോർത്ത് അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭർത്താവ് ഹബിതാൻ ബഷീർ ബലൂച് പ്രതികരിച്ചു. രഹസ്യ സങ്കേതത്തിലുള്ള ഭർത്താവിനെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമ പ്രവർത്തകനായ ബഷിർ അഹമ്മദ് ഗ്വാഖ് ആണ് ഇക്കാര്യം അറിയിച്ചത്. ഷാരിയുടെ പിതാവിനെയും സഹോദരനെയും പാക് സൈന്യം വധിച്ചതാണെന്നും ചില ചൈനീസ് പദ്ധതികൾക്ക് വേണ്ടി ഇവരുടെ ഭൂമി ബലമായി ഏറ്റെടുക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.