കസാഖ്സ്താനിൽ ഇന്ധന-ഭക്ഷ്യവിലയിൽ ആറു മാസത്തേക്ക് സർക്കാർ നിയന്ത്രണം
text_fieldsനൂർ സുൽത്താൻ: ഇന്ധന വില വർധനക്കെതിരെ ജനം തെരുവിലിറങ്ങിയതോടെ സർക്കാർ രാജിവെച്ച കസാഖ്സ്താനിൽ ഇന്ധന-ഭക്ഷ്യവിലയിൽ ആറു മാസത്തേക്ക് സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചു. വിവിധ മേഖലകളുടെ തലവന്മാരുമായി ബുധനാഴ്ച നടത്തിയ ചർച്ചക്ക് ശേഷം പ്രസിഡന്റ് ഖാസിം ജോമാർത് തൊഖയേവാണ് വില നിയന്ത്രണം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക നില പിടിച്ചു നിർത്തുന്നതിനാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ അവിടങ്ങളിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിനനുസരിച്ചായിരിക്കും വില നിയന്ത്രണം ഏർപ്പെടുത്തുകയെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
പാചക വാതക വിൽപന ഓൺലൈൻ വഴിയാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് മാറ്റിവെക്കാനും തീരുമാനിച്ചു. ഈ വർഷം ജനുവരി മുതൽ നടപ്പാക്കാനിരുന്ന പരിഷ്കരണമാണ് മാറ്റിവെച്ചത്. ഗാർഹിക വസ്തുക്കൾക്ക് മൊറട്ടോറിയം, താഴ്ന്ന വരുമാനക്കാർക്ക് വാടക സബ്സിഡി ഉൾപ്പെടെയുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ധന വില വർധനക്കെതിരെ ചൊവ്വാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 200ലേറെ പേരെ അറസ്റ്റു ചെയ്തതായി കസഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിഷേധത്തിനിടെ 37 പൊലീസ് വാഹനങ്ങൾ തകർക്കുകയും 95 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരു കാർ തകർക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ പ്രക്ഷോഭം അരങ്ങേറിയ രാജ്യത്തെ വലിയ പട്ടണമായ അൽമാട്ടിയെ തെരുവുകളിൽ പൊലീസ് സാന്നിധ്യം തുടരുകയാണ്.
ഇന്ധന വില വർധനയെ തുടർന്നുണ്ടായ ബഹുജന പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തുള്ള പ്രധാനമന്ത്രി അസ്കർ മാമിന്റെയും മന്ത്രിമാരുടെയും രാജി പ്രസിഡന്റ് ബുധനാഴ്ച അംഗീകരിച്ചു. ഉപ പ്രധാനമന്ത്രി അലിഖാൻ ഇസ്മായിലോവിനോട് പുതിയ സർക്കാർ രൂപവത്കരിക്കുംവരെ താൽക്കാലിക പ്രധാനമന്ത്രി പദം ഏറ്റെടുക്കാനും പ്രസിഡന്റ് ഖാസിം ജോമാർത് തൊഖയേവ് ആവശ്യപ്പെട്ടു.
പുതിയ സർക്കാർ രൂപവത്കരിക്കും വരെ നിലവിലുള്ള മന്ത്രിമാരും തുടർന്നേക്കും. പ്രക്ഷോഭം രൂക്ഷമായതോടെ അൽമാട്ടിയിലും എണ്ണ സമ്പന്നമായ മംഗിസ്തോവ് മേഖലയിലും ജനുവരി 19 വരെ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.