ഭരണഘടനാ ഭേദഗതികൾക്ക് അംഗീകാരം നൽകി കസാഖ്സ്താൻ ജനത
text_fieldsമോസ്കോ: മൂന്ന് പതിറ്റാണ്ട് കാലം രാജ്യത്തെ നയിച്ച മുൻ പ്രസിഡൻറ് നൂർസുൽത്താൻ നാസർബയേവിന്റെ അപ്രമാദിത്തം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഭരണഘടന ഭേദഗതികൾക്ക് കസാഖ്സ്താൻ ജനത അംഗീകാരം നൽകി.
ഇതുസംബന്ധിച്ച ഹിതപരിശോധനയിൽ 77 ശതമാനം അനുകൂലമായി വോട്ടുചെയ്തു. 19 ശതമാനം പേരാണ് എതിർത്ത് വോട്ടുചെയ്തത്. 2.6 ശതമാനം ബാലറ്റുകൾ അസാധുവാണെന്ന് കണ്ടെത്തി. 68 ശതമാനമായിരുന്നു പോളിങ്. നാസർബയേവിന്റെ നിഴലിൽനിന്ന് പുറത്തുവരാനുള്ള നിലവിലെ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു വോട്ടെടുപ്പ്.
1991ലെ സോവിയറ്റ് യൂനിയന്റെ തകർച്ചക്കു ശേഷം നാസർബയേവിന്റെ ഉരുക്കുമുഷ്ടിക്ക് കീഴിലായിരുന്നു കസാഖ്സ്താൻ. 2019ൽ നാസർബയേവ് സ്ഥാനമൊഴിഞ്ഞെങ്കിലും ജനുവരിയിലെ പ്രക്ഷോഭം വരെ ഭരണകക്ഷിയുടെയും ദേശീയ സുരക്ഷാ കൗൺസിലിന്റെയും തലവനായിരുന്നു. ഭരണഘടനപരമായി 'രാഷ്ട്രനേതാവ്' എന്ന പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇത് നീക്കുന്നത് ഉൾപ്പെടെയുള്ള ഭരണഘടന ഭേദഗതിക്കാണ് ഹിതപരിശോധന നടന്നത്. ജനുവരിയിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങൾക്ക് പിന്നാലെ 230ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇന്ധനവില വർധനയാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.