കസാഖ്സ്താനിൽ പ്രക്ഷോഭം തുടരുന്നു: മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്
text_fieldsനൂർമഹൽ: മധ്യേഷ്യൻ രാജ്യമായ കസാഖ്സ്താനിൽ പ്രക്ഷോഭകർക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഖാസിം ജൊമാർട്ട് തൊകയേവ്. കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതെ രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി പ്രക്ഷോഭകരെ അമർച്ച ചെയ്യണമെന്നാണ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് അറിയിച്ചത്.
രാജ്യത്തേക്ക് സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് തൊകയേവ് നന്ദി അറിയിച്ചു. പ്രക്ഷോഭത്തിൽ പൊലീസുകാരും തദ്ദേശവാസികളുമടക്കം നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂനിയനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്. 26 സായുധ കുറ്റവാളികളെ വധിച്ചതായും 3000 പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
18 പൊലീസുകാരും കൊല്ലപ്പെട്ടു. രാജ്യത്തെ വലിയ നഗരമായ അൽമാട്ടിയിൽ വെള്ളിയാഴ്ചയും വെടിവെപ്പുണ്ടായി. ഇന്ധനവിലവർധനക്കെതിരെ തുടങ്ങിയ പ്രതിഷേധമാണ് സർക്കാർവിരുദ്ധ കലാപത്തിലേക്കു നീങ്ങിയത്. പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ച് പ്രക്ഷോഭകരെ അമർച്ചചെയ്യാൻ റഷ്യൻ സൈന്യം കഴിഞ്ഞദിവസം കസാഖ്സ്താനിലെത്തിയിരുന്നു. റഷ്യ കസാഖ്സ്താന്റെ പരമാധികാരം മാനിക്കണമെന്ന് യൂറോപ്യൻ യൂനിയൻ മുന്നറിയിപ്പു നൽകിയിരുന്നു.
സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പൗരന്മാരോട് കസാഖ്സ്താൻ വിടാൻ കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തിൽനിന്ന് കസാഖ്സ്താനിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്നും നിർദേശമുണ്ട്. കസാഖ്സ്താനിലെ സ്ഥിതിവിശേഷങ്ങളിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.