"നൃത്തം തുടരുക സന്ന മരിൻ"; ഫിൻലൻഡ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി നൃത്തം ചെയ്യുന്ന ചിത്രം പങ്കുവെച്ച് ഹിലരി ക്ലിന്റൺ
text_fieldsവാഷിങ്ടൺ: സ്വകാര്യ ചടങ്ങിൽ മദ്യപിച്ച് നൃത്തം ചെയ്തതിനെ തുടർന്ന് വിവാദത്തിലകപ്പെട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്റൺ. 2012ൽ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ കൊളംബിയയിലേക്കുള്ള യാത്രക്കിടെ ക്ലബിൽ നൃത്തം ചെയ്യുന്ന തന്റെ ഫോട്ടോക്കൊപ്പം "നൃത്തം തുടരുക സന്ന മരിൻ" എന്ന കുറിപ്പ് ട്വീറ്റ് ചെയ്താണ് ഹിലരി പിന്തുണ അറിയിച്ചത്. ഇതിന് നന്ദി അറിയിച്ച് സന്ന മരിനും രംഗത്തുവന്നു. "നന്ദി ഹിലാരി ക്ലിന്റൺ" എന്നായിരുന്നു പ്രതികരണം.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ മരിൻ സുഹൃത്തുക്കൾക്കും സെലിബ്രിറ്റികൾക്കുമൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ അടുത്തിടെ പുറത്തുവരികയും ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. പാർട്ടിക്കിടെ പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഭരണത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പാർട്ടിക്ക് പോകാനാണ് പ്രധാനമന്ത്രിക്ക് താൽപര്യമെന്നും ആരോപണമുയർന്നു. എന്നാൽ, ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.
വിവാദങ്ങളോട് ഏറെ വൈകാരികമായായിരുന്നു 36കാരിയുടെ പ്രതികരണം. ''ഞാനും മനുഷ്യനാണ്. ഈ ഇരുണ്ട മേഘങ്ങൾക്കിടയിൽ ഞാനും ചിലപ്പോൾ സന്തോഷത്തിനും വെളിച്ചത്തിനും വിനോദത്തിനും വേണ്ടി കൊതിക്കുന്നു. താൻ ഒരു ദിവസത്തെ ജോലി പോലും നഷ്ടപ്പെടുത്തിയിട്ടില്ല'' എന്നിങ്ങനെയായിരുന്നു അവരുടെ പ്രതികരണം. പാർട്ടിക്കിടെ മാത്രമാണ് മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരിവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് സന്നയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ഈ സാഹചര്യത്തിലാണ് ഹിലരി ക്ലിന്റൺ പിന്തുണയുമായെത്തിയത്. 74കാരിയായ ഹിലരി, പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴിൽ 2009 മുതൽ 2013 വരെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. 2016ൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായെങ്കിലും ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെടുകയായിരുന്നു.
2019 ഡിസംബറിലാണ് സന്ന ഫിൻലൻഡ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. പാര്‍ട്ടിക്കും സ്വകാര്യ ചടങ്ങുകള്‍ക്കുമായി പ്രധാനമന്ത്രി ഏറെ നേരം ചെലവഴിക്കുന്നുവെന്ന ആരോപണം ഇവര്‍ക്കെതിരെ നേരത്തെയും ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.