ഏഴു വർഷത്തിന് ശേഷം ലണ്ടനിൽ മകനുമായി ഒന്നിച്ച് ഖാലിദ സിയ
text_fieldsലണ്ടൻ: മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ, നാടുകടത്തപ്പെട്ട മകൻ താരിഖ് റഹ്മാനുമായി ഏഴു വർഷത്തിനു ശേഷം ലണ്ടനിൽ വീണ്ടും ഒന്നിച്ചു. ഏറെ വൈകാരികമായിരുന്നു 79കാരിയായ ഖാലിദ സിയയും മൂത്ത മകനും തമ്മിലുള്ള കൂടിക്കാഴ്ച. എയർ ആംബുലൻസിലാണ് അസുഖ ബാധിതയായ ഇവരെ ബുധനാഴ്ച ഹീത്രൂ വിമാനത്താവളത്തിൽ എത്തിച്ചത്. ഖാലിദയെ താരിഖും ഭാര്യ സുബൈദ റഹ്മാനും വീൽചെയറിൽ ലണ്ടനിലെ ക്ലിനിക്കിലേക്കു മാറ്റി.
രണ്ടു തവണ മുൻ പ്രധാനമന്ത്രിയായിരുന്ന ഇവർ ശൈഖ് ഹസീനയുടെ ഭരണകാലത്ത് വർഷങ്ങളോളം തടവിൽ കഴിഞ്ഞിരുന്നു. ധാക്കയിൽ നിന്നുള്ള വമ്പിച്ച യാത്രയയപ്പിനു പിന്നാലെ വിമാനത്താവളത്തിലേക്ക് നീങ്ങുമ്പോൾ ആയിരക്കണക്കിന് അനുയായികൾ അഭിവാദ്യം ചെയ്തുകൊണ്ട് തെരുവുകളിൽ അണിനിരന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരിക്കവെ, മുൻ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുമോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹം ധാക്കയിൽ നിറഞ്ഞിരിക്കുകയാണ്.
പ്രതിഷേധങ്ങൾക്കൊടുവിൽ ഹസീന സർക്കാറിന്റെ പതനത്തിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരം ചർച്ചകൾ ചൂടുപിടിക്കുന്നത്.
‘ഞങ്ങളുടെ ചെയർപേഴ്‌സൻ കുറച്ചുനാൾ മുമ്പ് ചികിത്സക്കായി ലണ്ടനിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ, അസുഖം ബാധിച്ചതിനാൽ അവർക്ക് പോകാൻ കഴിഞ്ഞില്ല. ഡോക്ടർമാർ പറക്കാനുള്ള അനുമതി നൽകിയതിനു ശേഷമാണ് പോയത്. ചികിത്സ കഴിഞ്ഞ് ഉടൻ മടങ്ങിയെത്തും’- ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്‍ലാം ആലംഗീർ പറഞ്ഞു.
അവാമി ലീഗിന്റെ ഭരണകാലത്ത് നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ താരിഖ് 2008 മുതൽ പ്രവാസത്തിലായിരുന്നു. 2017ൽ ലണ്ടനിൽ ചികിൽസക്കായി എത്തിയപ്പോഴാണ് മകനെ അവസാനമായി കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.