ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി
text_fieldsഒട്ടാവ: കാനഡയും ഇന്ത്യയും തമ്മിലെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. പവൻ കുമാറിനോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ചു. ഇന്ത്യൻ എംബസി സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യ നിയോഗിച്ച ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്ന് കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിന്റെ അടിയന്തര സമ്മേളനത്തിൽ അറിയിച്ചു. കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഒരു വിദേശ സർക്കാറിന്റെ പങ്ക് നമ്മുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞു. വിഷയം ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നെന്നും ട്രൂഡോ പാർലമെന്‍റിൽ പറഞ്ഞു.
ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഖലിസ്ഥാൻ വാദികളുടെ കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് നരേന്ദ്ര മോദി ജസ്റ്റീൻ ട്രൂഡോയെ ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചിരുന്നു. ജി20ക്ക് എത്തിയ ട്രൂഡോയെ ഇന്ത്യയും മറ്റു അംഗരാജ്യങ്ങളും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന വിമർശം ഉയർന്നിരുന്നു.
ഖലിസ്ഥാൻ നേതാവിന്‍റെ കൊലപാതകം
കഴിഞ്ഞ ജൂണിലാണ് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ കാനഡയിലെ ഗുരുദ്വാരക്കുള്ളിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. 46കാരനായ ഹർദീപ്, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്നു. സിഖ് ഫോർ ജസ്റ്റിസുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
പഞ്ചാബിലെ ജലന്ധറിലെ ഭർസിങ് പുര ഗ്രാമമാണ് സ്വദേശം. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് ഹർദീപ് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയായിരുന്നു ഹർദീപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.