ഇറാൻ പ്രസിഡന്റിന് വേണ്ടി പ്രാർഥിക്കണമെന്ന് ആയത്തുല്ല ഖാംനഈ: ‘രാജ്യഭരണത്തിൽ ഒരു തടസ്സവും ഉണ്ടാകില്ല, ആശങ്ക വേണ്ട’
text_fieldsതെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ കാണാതായ ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി അടക്കമുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ.
‘ബഹുമാന്യനായ പ്രസിഡന്റിനെയും സഹപ്രവർത്തകരെയും ദൈവം രാജ്യത്തിന്റെ കരങ്ങളിലേക്ക് തിരികെ ഏൽപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ഇവരുടെ ആരോഗ്യത്തിനായി പ്രാർഥിക്കണം. ഇറാൻ ആശങ്കപ്പെടരുത്. രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഒരു തടസ്സവും ഉണ്ടാകില്ല’ -അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്ടർ അപകടത്തിൽപെട്ട വാർത്ത അറിഞ്ഞതോടെ രാഷ്ട്രം മുഴുവൻ പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ദേശീയ ടെലിവിഷനിൽ മറ്റു പരിപാടികളെല്ലാം നിർത്തിവെച്ച് പ്രിയ നേതാവിനായുള്ള പ്രാർഥന സംപ്രേഷണം ആരംഭിച്ചു. മഷ്ഹദ് നഗരത്തിൽ ആയിരങ്ങൾ പ്രാർഥനക്കായി ഒത്തുകൂടി.
പ്രാർഥനക്കായി ഔദ്യോഗിക ആഹ്വാനം വന്നതോടെ ചെറുനഗരങ്ങളിലും ജനങ്ങൾ സംഗമിച്ചു. ആദ്യ മണിക്കൂറുകളിൽ ഔദ്യോഗിക സ്ഥിരീകരണമോ കൂടുതൽ വിവരങ്ങളോ ലഭ്യമാകാതെ അനിശ്ചിതത്വമുണ്ടായിരുന്നു. ഔദ്യോഗികവും അനൗദ്യോഗികവുമായ പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും പുറമെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗയുടെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ഹാഷിം, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി എന്നിവരും ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.
പ്രസിഡൻറ് റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പ്രസിഡന്റിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ക്ഷേമത്തിനായി പ്രാർഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇബ്രാഹിം റഈസി അസർബൈജാൻ അതിർത്തിയിലെ പരിപാടിക്കുശേഷം വടക്കൻ അതിർത്തിയിലെ ഏതാനും പ്രവിശ്യകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. രാജ്യത്തെ 30 പ്രവിശ്യകളിൽ എല്ലായിടത്തും വർഷത്തിലൊരിക്കലെങ്കിലും സന്ദർശിക്കാറുണ്ടായിരുന്നു. അക്കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധ ബുദ്ധി ഉണ്ടായിരുന്നതായി പറയുന്നു രാഷ്ട്രീയ വിശകലന വിദഗ്ധനായ മുഹമ്മദ് മുറൻദി. ജനങ്ങളോട് ചേർന്നുനിന്ന ഭരണാധികാരിയായിരുന്നു റഈസി എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.