ഖെർസണിൽ അധിനിവേശം പൂർണം; ഭരണസിരാ കേന്ദ്രം റഷ്യൻ നിയന്ത്രണത്തിൽ
text_fieldsകിയവ്: തെക്കൻ തുറമുഖ നഗരമായ ഖെർസൺ പൂർണമായി റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി. ഖെർസണിലെ പ്രാദേശിക ഭരണസിരാ കേന്ദ്രം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഭരണത്തലവൻ ഹെന്നഡി ലഹൂത ഫേസ്ബുക്കിലൂടെ അറിയിച്ചു. തലസ്ഥാനമായ കിയവ്, ഖാർകീവ്, മരിയുപോൾ എന്നിവിടങ്ങളിൽ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യൻ സേന നിരന്തരം ഷെല്ലിങ് നടത്തുകയാണെന്ന് മരിയുപോൾ സിറ്റി കൗൺസിൽ അറിയിച്ചു. അതേസമയം, റഷ്യൻ അധിനിവേശത്തെ തുടർന്ന് ഒരു ദശലക്ഷത്തിലേറെ പേരാണ് യുക്രെയ്ൻ വിട്ടത്. വെറും ഏഴുദിവസം കൊണ്ടാണ് ഇത്രയും പേർ അഭയാർഥികളായത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ചടുലമായ അഭയാർഥി പ്രവാഹമാണിതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. യുക്രെയ്ൻ ജനസംഖ്യയുടെ രണ്ടുശതമാനത്തിലേറെ പേർക്കാണ് ഒരാഴ്ച കൊണ്ട് വീടുവിടേണ്ടി വന്നത്. 15 ലക്ഷത്തിലേറെ പേർ വസിക്കുന്ന ഖാർകീവ് പട്ടണത്തിൽ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കാണ് ദൃശ്യമാകുന്നത്.
റഷ്യൻ ആക്രമണം ശക്തമായ ഇവിടെ നിന്ന് അഭയം തേടി എങ്ങോട്ടെന്നില്ലാതെ ജനം പ്രവഹിക്കുകയാണ്. നഗരത്തിന് പുറത്തേക്കുള്ള ട്രെയിനുകൾ തേടി റെയിൽവേസ്റ്റേഷനിൽ മനുഷ്യർ തിങ്ങിക്കൂടിയിരിക്കുകയാണ്. ഒരാഴ്ചക്കിടെ 2,000 ലേറെ സിവിലിയൻമാർ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്ൻ സർക്കാരിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.