പത്താൻകോട്ട് ഭീകരാക്രമണ സൂത്രധാരെന്റ വധം; കൊലയാളി സംഘത്തെ പിടികൂടിയതായി പാകിസ്താൻ
text_fieldsലാഹോർ: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ശെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായിയുമായ ഷാഹിദ് ലത്തീഫിനെയും രണ്ട് കൂട്ടാളികളെയും വധിച്ചവരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പ്രവിശ്യ പൊലീസ് മേധാവി പറഞ്ഞു. സിയാൽകോട്ട് നഗരത്തിലെ പള്ളിയിൽവെച്ചാണ് ദിവസങ്ങൾക്ക് മുമ്പ് മൂവരും കൊല്ലപ്പെട്ടത്.
2016ൽ പത്താൻകോട്ടിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് ഷാഹിദ് ലത്തീഫാണ്. ഇയാളുടെ സുരക്ഷാ ഗാർഡ് ഹാഷിം അലിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ബുധനാഴ്ച രാവിലെ ദാസ്കാ നഗരത്തിലെ ഒരു പള്ളിയിൽ പ്രാർഥന നടത്തുന്നതിനിടെയാണ് മൂന്നുപേർ ഇവർക്കെതിരെ വെടിയുതിർത്തത്. പ്രാർഥനക്ക് നേതൃത്വം നൽകിയ മൗലാന അഹദിനും വെടിയേറ്റിരുന്നു. ലത്തീഫിന്റെ അടുത്ത അനുയായിയായ ഇദ്ദേഹം പിറ്റേദിവസം ആശുപത്രിയിൽവെച്ച് മരിച്ചു. ഒരു തെമ്മാടി രാഷ്ട്രവും അവരുടെ ഇന്റലിജൻസ് ഏജൻസികളുമാണ് പാകിസ്താനിൽ ഭീകരാക്രമണം നടത്തുന്നതെന്ന് ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയാതെ പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ പറഞ്ഞു. വെടിയുതിർത്ത മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെയും വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടി. ആരൊക്കെയാണ് കൃത്യം നടത്തിയതെന്നും ആരുമായാണ് അവർ കൂടിക്കാഴ്ച നടത്തിയതെന്നതും ഉൾപ്പെടെ സകല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഒക്ടോബർ ആറിനും ഒമ്പതിനും ഇടയിൽ പഞ്ചാബ് പ്രവിശ്യയിലെത്തിയ സംഘം 11നാണ് കൃത്യം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരപ്രവർത്തന കുറ്റംചുമത്തി 1994ൽ ഇന്ത്യയിൽ അറസ്റ്റിലായ ലത്തീഫിനെ ജയിലിൽ അടച്ചിരുന്നു. 2010ൽ ശിക്ഷാകാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് ഇയാളെ പാകിസ്താനിലേക്ക് നാടുകടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.