ദക്ഷിണകൊറിയൻ വിഡിയോകൾ കണ്ടതിന് ഉത്തരകൊറിയയിൽ കൊല്ലപ്പെട്ടത് ഏഴ് പേർ
text_fieldsദക്ഷിണകൊറിയൻ വിഡിയോകൾ കണ്ടെന്ന 'കുറ്റത്തിന്' ഉത്തരകൊറിയയിൽ മൂന്ന് വർഷത്തിനിടെ വധശിക്ഷ വിധിക്കപ്പെട്ടത് ഏഴ് പേർക്ക്. ദക്ഷിണകൊറിയൻ വിഡിയോകൾ കാണുകയോ വിതരണം ചെയ്യുകയോ ചെയ്തെന്നാരോപിച്ചാണ് ഏഴ് പേരെ അധികൃതർ കൊലപ്പെടുത്തിയതെന്ന് സിയോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ട്രാൻസിഷണൽ ജസ്റ്റിസ് വർക്കിങ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലായിരുന്നു പൊതു വധശിക്ഷകൾ നടപ്പാക്കിയത്. ട്രാൻസിഷണൽ ജസ്റ്റിസ് വർക്കിങ് ഗ്രൂപ്പ് ഉത്തരകൊറിയയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കഴിഞ്ഞ ആറ് വർഷത്തിനിടെ രക്ഷപ്പെട്ട 683 പേരുമായി അഭിമുഖം നടത്തുകയും 27 വധശിക്ഷകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും മയക്കുമരുന്ന്, വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടവരാണ്.
ദക്ഷിണ കൊറിയൻ സിനിമകളും മ്യൂസിക് വിഡിയോകളും അടങ്ങിയ സീഡികളും യു.എസ്.ബികളും നിയമവിരുദ്ധമായി വിൽപന നടത്തിയെന്നാരോപിച്ച് ഉത്തരകൊറിയൻ അധികാരികൾ ഒരാളെ പരസ്യമായി വധിച്ചതായി സംഘടന പറഞ്ഞു. 2021 മേയിൽ ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പത്രമായ ഡെയ്‌ലി എൻ.കെ നടത്തിയ അവകാശവാദങ്ങളെ പിൻപറ്റിയാണ് സംഘടനയുടെ വെളിപ്പെടുത്തൽ.
2012നും 2014നും ഇടയിൽ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ കാണുകയോ വിതണം ചെയ്യുകയോ ചെയ്തുവെന്നാരോപിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴ് കേസുകളിൽ ആറും റയാങ്ഗാങ് പ്രവിശ്യയിലെ ഹൈസനിൽ നിന്നാണ്. 2015ൽ പ്രതികളിലൊരാളെ വടക്കൻ ഹംഗ്യോങ് പ്രവിശ്യയിലെ ചോങ്ജിൻ സിറ്റിയിൽ വച്ച് വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കിം ജോങ് ഉന്നിന്‍റെ കീഴിലെ കൊലപാതകങ്ങളെ വിശകലനം ചെയ്യുന്ന 'കിം ജോങ് ഉന്നിന്‍റെ കീഴിലുള്ള കൊലപാതകങ്ങൾ: അന്താരാഷ്ട്ര സമ്മർദ്ദത്തോടുള്ള ഉത്തര കൊറിയയുടെ പ്രതികരണം' എന്ന പഠന റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് പ്യോങ്‌യാങ് സ്വകാര്യമായി വധശിക്ഷ നടപ്പാക്കാൻ തുടങ്ങിയതായി കണ്ടെത്തിയിരുന്നു. വിവരങ്ങൾ ചോർത്തുന്നത് തടയാനാണ് ഉത്തര കൊറിയയുടെ ഇത്തരം നടപടികൾ. അതേസമയം രാജ്യത്ത് ജയിൽ ക്യാമ്പുകൾ നിലവിലില്ലെന്ന വാർത്ത ഉത്തരകൊറിയ നിഷേധിച്ചു. മനുഷ്യാവകാശങ്ങളെ വിമർശിച്ചുകൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ തങ്ങളോട് ശത്രുതാപരമായ നയമാണ് പ്രയോഗിക്കുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.
ഉത്തരകൊറിയയിൽ കുറ്റക്കാർക്ക് ആൾക്കൂട്ടത്തിന് മുൻപിലും, ഗ്രാമങ്ങളിൽ വച്ചും വധശിക്ഷ നടപ്പാക്കുന്നത് രാജ്യത്തെ നിയമ ലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നാണ് അധികാരികളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.