കോവിഡ് വന്ന് പനിച്ചു വിറച്ച് കിം ജോങ് ഉൻ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്ന് സഹോദരി
text_fieldsപ്യോങ്യാങ്: സമീപകാലത്ത് ഉത്തരകൊറിയയെ വിറപ്പിച്ച കോവിഡ് മഹാമാരിയിൽ പ്രസിഡന്റ് കിം ജോങ് ഉന്നും രോഗബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് കിം ഗുരുതരാവസ്ഥയിലായിരുന്നുവെന്ന കാര്യം സഹോദരി കിം യോ ജോങ് ആണ് വെളിപ്പെടുത്തിയത്. അപൂർവമായാണ് കിമ്മിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ ഉത്തരകൊറിയ പുറത്തുവിടാറുള്ളത്. കടുത്ത പനിയായിരുന്നു കിമ്മിന് അനുഭവപ്പെട്ടത്. എന്നാൽ സ്വന്തം ആരോഗ്യം മോശമായ അവസ്ഥയിലും സ്വന്തം ജനങ്ങളെ കുറിച്ചുള്ള ആശങ്ക മൂലം കിമ്മിന് ഇരിക്കപ്പൊറുതിയുണ്ടായില്ലെന്നും സഹോദരി പറഞ്ഞു.
തന്റെ രാജ്യം കോവിഡിനെതിരെ വിജയം നേടിയെന്നും അവർ അവകാശപ്പെട്ടു. എന്നാൽ എന്നുമുതലാണ് കിം രോഗബാധിതനായത് എന്ന കാര്യം അവർ പറഞ്ഞില്ല. ദക്ഷിണ കൊറിയയിൽ നിന്ന് അയച്ച വസ്തുക്കൾ വഴിയാണ് ഉത്തരകൊറിയയിൽ കോവിഡ് വൈറസ് എത്തിയതെന്ന വാദവും കിം യോ ജോങ് ആവർത്തിച്ചു. ഉത്തരകൊറിയ കോവിഡ് മുക്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കിം യോ ജോങ്.
കിം ജോങ് ഉന്നിനെ വിമർശിക്കുന്ന ലക്ഷക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി ദക്ഷിണേന്ത്യയിലെ പ്രവർത്തകരും കൂറുമാറ്റ ഗ്രൂപ്പുകളും വർഷങ്ങളായി അതിർത്തിയിൽ ബലൂണുകൾ പറത്തുകയാണെന്നും സഹോദരി ആരോപിച്ചു. ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പു നൽകി.
അമിത ഭാരവും പുകവലിക്കാരനുമായ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടയിരുന്നു. കിമ്മിന്റെ കുടുംബത്തിന് ഹൃദ്രോഗ പാരമ്പര്യവുമുണ്ട്. ശസ്ത്രക്രിയക്കിടെ കിം മരിച്ചുവെന്നതടക്കമുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയുണ്ടായി. കോവിഡ് കുതിച്ചുയരുമ്പോഴും രാജ്യത്തിനു പുറത്തുനിന്ന് വാക്സിൻ ഡോസുകൾ സ്വീകരിക്കാൻ ഉത്തരകൊറിയ മടിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഉത്തരകൊറിയയിൽ നിന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആളുകളിൽ കോവിഡ് പരിശോധന ഇല്ലാത്തതു മൂലമാണ് അതെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ. കോവിഡ് മുക്തമായതോടെ ഉത്തരകൊറിയയിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ എടുത്തു കളയാൻ കിം ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.