കിം ജോങ് ഉൻ റഷ്യയിൽ; യാത്ര ആഡംബര കവചിത ട്രെയിനിൽ
text_fieldsമോസ്കോ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം എത്തിയത്. നാലു വർഷത്തിനുശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
റഷ്യൻ അതിർത്തിയിലെ ഖസാനിൽ സ്വാഗത പരിപാടികൾ നടന്നതായി ജപ്പാൻ ടി.വി നെറ്റ്‍വർക്കായി ജെ.എൻ.എൻ റിപ്പോർട്ട് ചെയ്തു. പുടിനുമായി ചർച്ച നടക്കുന്ന വ്ലാദിവോസ്തോകിലേക്ക് ഇവിടുന്ന് 150 കിലോമീറ്റർ ദൂരമുണ്ട്.
വിദേശകാര്യ മന്ത്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ആയുധ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ യാത്രയിൽ ഒപ്പമുണ്ട്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തരകൊറിയയിലെയും റഷ്യയിലെയും സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയെങ്കിലും എന്ന്, എപ്പോൾ എന്നൊന്നും സംബന്ധിച്ച് വിവരമില്ല.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യക്ക് ഉത്തര കൊറിയ ആയുധങ്ങൾ നൽകുന്നുണ്ടെന്ന് മാസങ്ങളായി അമേരിക്ക ആരോപിക്കുന്നുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ആയുധ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ചയും അമേരിക്ക ആവർത്തിച്ചിരുന്നു.
ഈ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കിം സഞ്ചരിക്കുന്ന സ്വകാര്യ ട്രെയിനിന്‍റെ വിശേഷങ്ങൾ വീണ്ടും വിദേശ മാധ്യമങ്ങളിൽ നിറയുകയാണ്. പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 60 കി.മീ മാത്രമാണ്. യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടാകും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.