പുതിയ പ്രസിഡന്‍റ് വന്നാലും യു.എസിന് തലവേദന; കൂറ്റൻ മിസൈൽ ഒരുക്കി നിർത്തി കിം ജോങ് ഉൻ
text_fieldsസിയോൾ: അമേരിക്കയെ വിറപ്പിക്കാൻ വീണ്ടുമൊരു മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൂറ്റൻ മിസൈലിന്‍റെ മാതൃക കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡിൽ കിം ജോങ് ഉന്നിന് മുമ്പിൽ പ്രദർശിപ്പിച്ചു. യു.എസിലെ നഗരങ്ങളെ ലക്ഷ്യപരിധിക്കുള്ളിൽ നിർത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അടുത്ത വർഷം പരീക്ഷണ വിക്ഷേപണം നടത്തുമെന്നാണ് വിവരം.
ശനിയാഴ്ച രാത്രി പതിവില്ലാത്ത വിധം നടന്ന സൈനിക പരേഡിലാണ് മിസൈൽ പ്രദർശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണിതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങൾ നടത്താനുള്ള ശേഷി ഇതിനുണ്ട്.
അലാസ്കയിൽ യു.എസ് വർധിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനത്തെ തകർക്കുക ലക്ഷ്യമിട്ടാകാം കിം ജോങ് ഉൻ പുതിയ മിസൈൽ പരീക്ഷിക്കുന്നതെന്ന് മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷണൽ സ്റ്റഡീസിലെ വിദഗ്ധനായ ജെഫ്രി ലൂയിസ് പറയുന്നു. പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ അമേരിക്കക്ക് ആവശ്യമാകുന്നതിനെക്കാൾ ഏറെ ചിലവ് കുറവിലാണ് ഉത്തരകൊറിയ പുതിയ മിസൈൽ ആയുധങ്ങൾ വികസിപ്പിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
24 മീറ്റൽ നീളവും 2.4 മീറ്റർ വ്യാസവുമുള്ളതാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ. 100 ടൺ ഇന്ധനം വഹിക്കാൻ ശേഷിയുള്ളതാണിത്. എന്നാൽ, ഇത് പ്രയോജനമില്ലാത്ത ഒന്നാണെന്ന അഭിപ്രായവും വിദഗ്ധർക്കുണ്ട്. ഇന്ധനം നിറച്ച ശേഷം ഇതിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാകില്ലെന്നും വിക്ഷേപണ സ്ഥലത്തുവെച്ച് ഇന്ധനം നിറക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പരസ്പരമുള്ള ഭീഷണിയുടെ ഭാഗമായാണ് ഇത്തരം മിസൈലുകൾ ആവിഷ്കരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഉത്തരകൊറിയ സൈനിക പരേഡുകളിൽ പ്രദർശിപ്പിക്കുന്ന ആയുധങ്ങൾ പലതും തട്ടിപ്പാണെന്നും പ്രയോജന രഹിതമാണെന്നും അഭിപ്രായമുണ്ട്. ഇവ പരീക്ഷിച്ച് വിജയിക്കാത്തിടത്തോളം വിശ്വാസയോഗ്യമല്ല.
ട്രംപും കിമ്മും തമ്മിൽ നേരത്തെ നയതന്ത്ര ചർച്ചകൾ നടന്നിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ഹാനോയി ഉച്ചകോടിയിൽ ദുരിതാശ്വാസ സഹായത്തെ ചൊല്ലി ഉത്തര കൊറിയ ഇടഞ്ഞതോടെ ചർച്ചകൾ നിലച്ചു. നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും ഉത്തര കൊറിയ ആയുധങ്ങൾ വികസിപ്പിക്കൽ തുടർന്നിരുന്നുവെന്നതിന്‍റെ തെളിവാണ് പുതിയ മിസൈൽ. നയതന്ത്ര ചർച്ചകളിൽ കൂടുതൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അടുത്ത മാസം നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപോ ബൈഡനോ ആരുതന്നെ വിജയിച്ചാലും ഉത്തരകൊറിയ ഒരു തലവേദനയായി നിലനിൽക്കും. അത്തരമൊരു മുന്നറിയിപ്പ് കൂടിയാണ് കിം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.