'ഹാരി രാജകുമാരന് വഴിമാറും; ചാൾസ് അധിക കാലം അധികാരത്തിൽ ഉണ്ടാകില്ല'
text_fieldsലണ്ടൻ: ഇളയ മകൻ ഹാരി രാജകുമാരനു വേണ്ടി ചാൾസ് വേഗം അധികാരം ഒഴിയുമെന്ന് പ്രവചനം. എലിസബത്ത് രാജ്ഞി അന്തരിച്ചതോടെയാണ് മൂത്ത മകനായ ചാൾസ് രാജാവായത്.
74 വയസാണ് ചാൾസിന്. ഒരിക്കലും രാജാവാകില്ലെന്നു കരുതിയ ഒരാളാണ് ചാൾസിന്റെ പിൻഗാമിയായി എത്തുക എന്നും പ്രചരിക്കുന്നുണ്ട്. 16ാം നൂറ്റാണ്ടിലെ ജ്യോതി ശാസ്ത്രകാരനായ നോസ്ട്രഡാമസ് ആണ് ഈ പ്രവചനങ്ങളുടെ പിന്നിൽ. ചാൾസ് രാജാവിന്റെ ഭരണം ഹ്രസ്വവും മധുരവുമാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം.
1555 ൽ എഴുതിയ നിഗൂഢ കവിതകളിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ കൃത്യമായ വർഷം നോസ്ട്രഡാമസ് പ്രവചിച്ചതായി നോസ്ട്രഡാമസിന്റെ ദർശനങ്ങളിൽ വിദഗ്ധനും എഴുത്തുകാരനുമായ മരിയോ റീഡിങ് അഭിപ്രായപ്പെട്ടിരുന്നു. ''എലിസബത്ത് രാജ്ഞി 2022ൽ 96ാം വയസിൽ മരിക്കും. അമ്മയുടെ ആയുഷ്കാലത്തിന് അഞ്ച് വർഷം കുറവായിരിക്കും അത്''-എന്നാണ് നോസ്ട്രഡാമസിന്റെ കവിതകളെക്കുറിച്ച് റീഡിങ് എഴുതിയത്. നോസ്ട്രഡാമസ് തന്റെ ഒരു കവിതയിൽ 'ദ്വീപുകളുടെ രാജാവ്' എന്ന വാക്കുകൾ പരാമർശിച്ചത് ചാൾസ് രാജാവിനെ ഉദ്ദേശിച്ചാണ്.
ചാൾസ് മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത് കോമൺവെൽത്തിന്റെ ഭൂരിഭാഗവും തകരുമെന്ന വസ്തുതയാണ് നോസ്ട്രഡാമസ് പരാമർശിച്ചത് എന്നും റീഡിങ് പറയുന്നു. ''2022 ൽ സിംഹാസനം ഏറ്റെടുക്കുമ്പോൾ ചാൾസ് രാജകുമാരന് എഴുപത്തിനാല് വയസ്സ് തികയും. എന്നാൽ, ഡയാന രാജകുമാരിയുമായുള്ള വിവാഹമോചനത്തെത്തുടർന്ന് ബ്രിട്ടീഷ് ജനസംഖ്യയിൽ ഒരു വലിയ വിഭാഗത്തിന് അദ്ദേഹത്തിനെതിരെയുള്ള നീരസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്''-എന്നും റീഡിങ് അഭിപ്രായപ്പെടുന്നു.
ചാൾസ് രാജാവ് തന്റെ പ്രായം കാരണം രാജാവിന്റെ സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ നിർബന്ധിതനാകും. അതിനുശേഷം, സിംഹാസനം ഭരിക്കാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ വരും. ഒരിക്കലും രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ പകരം വരും എന്നാണ് പറയുന്നത്. അതിന്റെ അർഥം ചാൾസ് രാജാവിന്റെ മൂത്ത മകൻ വില്യം രാജകുമാരൻ ആയിരിക്കില്ല ഹാരി രാജാവാകും എന്നാണ് എന്നും റീഡിങ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.