ഇന്ത്യയെ സ്നേഹിക്കുന്ന ചാൾസ് രാജാവ്
text_fieldsലണ്ടൻ: ബ്രിട്ടന്റെ 40ാമത് രാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമന് ഒട്ടേറെ സവിശേഷതകൾ. സുസ്ഥിരമായ ജീവിതരീതിക്കും വിശ്വാസ വൈവിധ്യത്തിനും നൽകുന്ന പ്രാധാന്യം, ഇന്ത്യയോടുള്ള സ്നേഹം, വിശാല കോമൺവെൽത്തിനോടുള്ള താൽപര്യം എന്നിവയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വിവിധ മതനേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ കിരീടധാരണ ചടങ്ങിന്റെ സവിശേഷതയായിരുന്നു.
ഇന്ത്യയോടും ആയുർവേദത്തോടും തികഞ്ഞ ആദരവും സ്നേഹവും വെച്ചുപുലർത്തുന്ന വ്യക്തിയാണ് ചാൾസ് മൂന്നാമൻ. കിരീടാവകാശിയെന്ന നിലയിൽ നിരവധി തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2007ൽ അദ്ദേഹം സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് വഴി നടപ്പാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇന്ത്യക്കും വലിയ പ്രാധാന്യം നൽകിയിരുന്നു.
2021ൽ ഇന്ത്യ കടുത്ത കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ സഹായത്തിന് ആഹ്വാനം ചെയ്തവരിൽ ചാൾസും മുന്നിലുണ്ടായിരുന്നു. ‘ഇന്ത്യയുടെ സഹായവും ബുദ്ധിശക്തിയും മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന പിന്തുണ വലുതാണ്. ഇന്ത്യ മറ്റുള്ളവരെ സഹായിച്ചതുപോലെ, ഇപ്പോൾ നമ്മൾ ഇന്ത്യയെ സഹായിക്കണം’ -അദ്ദേഹം അന്ന് പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചത്. സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന, ഏവർക്കും പ്രാപ്യമായ ചികിത്സാരീതി എന്നാണ് അദ്ദേഹം യോഗയെ വിശേഷിപ്പിച്ചത്. 2018 ഏപ്രിലിൽ, യോഗയെയും ആയുർവേദത്തെയും കുറിച്ചുള്ള ഗവേഷണത്തിനായി ആയുർവേദ എക്സലൻസ് സെന്ററിന് അദ്ദേഹം ലണ്ടനിൽ തുടക്കമിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സെന്ററിന്റെ ഉദ്ഘാടനം. 2019 നവംബറിലാണ് ചാൾസ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. മുംബൈയിലെ സ്കൂൾ കുട്ടികളോടൊപ്പം തന്റെ 71ാം ജന്മദിനവും അദ്ദേഹം ആഘോഷിച്ചു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ശക്തമായി പിന്തുണക്കുന്നയാളാണ് ചാൾസ്. കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾക്കെതിരെ ഉറച്ച ശബ്ദമാ ണ് അദ്ദേഹത്തിന്റേത്. ആഗോള കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യയുടെ പ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം പതിവായി സംസാരിച്ചു.
ബ്രിട്ടന്റെ മുൻ കോളനികളായ 56 രാജ്യങ്ങൾ അടങ്ങുന്ന കോമൺവെൽത്ത് കൂട്ടായ്മ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നയാൾ കൂടിയാണ് ചാൾസ് മൂന്നാമൻ. കോമൺവെൽത്തിനെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇദ്ദേഹത്തിെന്റ ഭരണകാലത്ത് ശ്രമങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.