‘കൊസോവോ സെർബിയയുടെ ഹൃദയം’ - ദ്യോകോവിചിനെതിരെ പ്രതിഷേധം
text_fieldsബെൽഗ്രേഡ്: ഒന്നര പതിറ്റാണ്ടുമുമ്പ് സ്വതന്ത്ര രാജ്യമായി അംഗീകരിക്കപ്പെട്ട കൊസോവോയെ സെർബിയയുടെ ഭാഗമാക്കി പ്രസ്താവനയിറക്കിയ ടെന്നിസ് താരം നൊവാക് ദ്യോകോവിചിനെതിരെ കായികലോകം. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപൺ മത്സര വേദിയിൽ വെച്ചാണ് ദ്യോകോ അപ്രതീക്ഷിത രാഷ്ട്രീയ പ്രസ്താവനയിറക്കിയത്. ‘‘കൊസോവോ സെർബിയയുടെ ഹൃദയമാണ്. അക്രമം നിർത്തണം’’ എന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ വിമർശനമുയർന്നപ്പോൾ ‘‘കൊസോവോ ഞങ്ങളുടെ ജന്മഭൂമിയാണ്; ശക്തികേന്ദ്രവും. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളുടെ കേന്ദ്രവുമാണെ’’ന്നും വിശദീകരിച്ചു.
ഇതിനെതിരെ ശക്തമായി രംഗത്തുവന്ന കൊസോവോ ഒളിമ്പിക് കമ്മിറ്റി ദ്യോകോവിച് സെർബിയൻ ദേശീയവാദികളുടെ പ്രചാരവേല ഏറ്റെടുത്തിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി താരത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഫ്രഞ്ച് കായിക മന്ത്രി അമേലി ഊദിയ കാസ്റ്ററയും പ്രസ്താവന അനുചിതമായെന്ന് കുറ്റപ്പെടുത്തി. കൊസോവോ നഗരമായ സ്വികാനിൽ 30 നാറ്റോ സമാധാന സൈനികർ സെർബ് പ്രതിഷേധക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ ദിവസത്തിലായിരുന്നു ദ്യോകോയുടെ പ്രതികരണമെന്ന പ്രത്യേകതയുണ്ട്. ഈ പട്ടണത്തിലാണ് താരത്തിന്റെ പിതാവ് വളർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.