ക്രെമെൻചുക്കിലെ തിരക്കേറിയ മാളിൽ റഷ്യൻ മിസൈലാക്രമണം; ആക്രമണം ആസൂത്രിതമെന്ന് സെലൻസ്കി
text_fieldsകിയവ്: മധ്യ യുക്രെയ്നിൽ ക്രെമെൻചുക്കിലെ തിരക്കേറിയ മാളിൽ തിങ്കളാഴ്ച നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ ആസൂത്രിതമായ ആക്രമണമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
16 പേർ മരിച്ചെന്നും 59 പേർക്ക് പരിക്കേറ്റെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എമർജൻസി സർവീസ് മേധാവി സെർജി ക്രുക്ക് പറഞ്ഞു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർ അലേർട്ടുകൾ ആരും അവഗണിക്കരുതെന്ന് താൻ വീണ്ടും ആവർത്തിക്കുക്കയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മിസൈലാക്രമണം നടക്കുന്നതിന് മുമ്പ് മാളിൽ ആളുകൾ ഉണ്ടായിരുന്നെന്ന് സെലൻസ്കി നേരത്തെ പറഞ്ഞിരുന്നു. മാളിൽ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇരകളുടെ എണ്ണം എത്രയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ആക്രണമണം നടന്നയുടൻ സെലൻസ്കി തന്‍റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ മാളിലെ തീയണക്കാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മാളിലെ ഏറ്റവും തിരക്കേറിയ സമയം തിരഞ്ഞെടുത്ത് മനപ്പൂർവ്വം നടത്തിയ ആക്രമണമാണിതെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇത് മനുഷ്യരാശിക്കതിരായ ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും യുദ്ധ കുറ്റമാണെന്നും ക്രെമെൻചുക്ക് സ്ഥിതി ചെയ്യുന്ന പോൾട്ടാവ മേഖലയിലെ ഗവർണർ ദിമിട്രോ ലുനിൻ പ്രതികരിച്ചു. റഷ്യ മാനവികതക്ക് അപമാനമാണെന്നും അതിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.