ഖത്തർ ഉപരോധം നീങ്ങാൻ വഴി തെളിയുന്നു; ട്രംപിൻെറ മരുമകൻ ഗൾഫിലെത്തി
text_fieldsറിയാദ്: അമേരിക്ക ഭരണമാറ്റത്തിൻെറ വക്കത്ത് നിൽക്കെ, ഗൾഫിൽ അവസാനവട്ട ഇടപെടലിനായി പ്രസിഡൻറ് ട്രംപിൻെറ ഉപദേശകനും മകളുടെ ഭർത്താവുമായ ജാരേദ് കുഷ്നർ സൗദി അറേബ്യയിലെത്തി. ഖത്തറടക്കമുള്ള ഭരണനേതൃത്വങ്ങളുമായി ജാരേദ് കുഷ്നറും സംഘവും സംഭാഷണം നടത്തും. ട്രംപ് ഭരണകൂടത്തിലെ ഗൾഫ് വിദഗ്ധരടക്കമുള്ളവർ കുഷ്നറോടൊപ്പമുണ്ട്.
2017 ൽ സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം നീങ്ങാനുള്ള സാധ്യത തെളിയുന്നതായി സൂചനയുണ്ട്. ഭീകരതയെ ഖത്തർ പിന്തുണക്കുന്നു എന്നാരോപിച്ചായിരുന്നു ഉപരോധം ഏർപ്പെടുത്തിയത്. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിക്കാനും തുർക്കി സൈനിക താവളത്തിൻെറ പ്രവർത്തനം അവസാനിപ്പിക്കാനും ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഖത്തർ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല.
പുതിയ സാഹചര്യത്തിൽ, മേഖലയിൽ ഇറാനെതിരായ സഖ്യം ശക്തിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. മേഖലയിൽ ഇസ്രായേലിന് പിന്തുണ ഉറപ്പുവരുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്. ഖത്തർ ഉപരോധത്തെ തുടർന്നുള്ള ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക ഇപ്പോൾ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്.
ഗൾഫ് രാജ്യങ്ങളും ഇസ്രായേലുമായും ധാരണയുണ്ടാക്കാൻ അമേരിക്ക ശ്രമം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ ഗൾഫ് സന്ദർശനത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദിയിൽ വെച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രായേലിന് മേഖലയിലെ രാജ്യങ്ങളുടെ സമ്മതി നേടാനുള്ള നീക്കത്തിൻെറ ഭാഗമായിരുന്നു ഇത്. ഇസ്രായേലിന് ഗൾഫ് രാജ്യങ്ങളുടെ സമ്മതി നേടിക്കൊടുക്കാനാകുക എന്ന ലക്ഷ്യം പൂർണമായി നേടാനായില്ലെങ്കിലും ചർച്ചകളിൽ ഉണ്ടാകുന്ന ചെറിയ പുരോഗതി പോലും മേഖലയിൽ ഇസ്രായേലിൻെറയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക് അനുഗുണമാകും.
പ്രസിഡൻറ് ട്രംപിൻെറ മുതിർന്ന ഉപദേശകനും മകളുടെ ഭർത്താവുമായ ജാരേദ് കുഷ്നർ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനടക്കമുള്ള ഗൾഫ് നേതാക്കളോട് അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. 2021 ജനുവരി 20 ന് ജോ ബൈഡൻെറ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അധികാരം കൈമാറുന്നതിന് മുമ്പ് ഗൾഫ് മേഖലയിലെ ബന്ധങ്ങളിലൂടെ ഒരു ഒാട്ടപ്രദക്ഷിണം നടത്തുക എന്ന കുഷ്നറുടെ താൽപര്യവും സന്ദർശനത്തിന് പിറകിലുണ്ടെന്ന് നിരീക്ഷകർ പറയുന്നു. റിയൽഎസ്റ്റേറ്റ് വ്യവസായിയായ ജാരേദ് കുഷ്നറിൻെറ വാണിജ്യതാൽപര്യങ്ങളും സന്ദർശനത്തിന് പിറകിലുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.