ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും ഉറപ്പിച്ചുപറഞ്ഞ് വീണ്ടും കുവൈത്ത്. പൂർണമായ രാഷ്ട്രീയ അവകാശം എന്ന ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യത്തെയും കുവൈത്ത് പിന്തുണച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ സെഷനിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായ് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേൽ തുടർച്ചയായി അന്താരാഷ്ട്ര പ്രമേയങ്ങളും മാനുഷിക നിയമങ്ങളും ലംഘിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എൻ ചാർട്ടർ, ജനീവ ഉടമ്പടി, മറ്റു നിരവധി പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനങ്ങളും തുടരുന്നു.
നിത്യേനയെന്നോണം ഫലസ്തീനിലെ നിരവധി നിരപരാധികൾ കൊല്ലപ്പെടുന്നു. ഇസ്രായേൽ മന്ത്രി അൽ അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇരച്ചുകയറി പ്രകോപനം സൃഷ്ടിച്ചത് അടുത്തിടെയാണ്. ഇത്തരം പ്രവൃത്തികളെ കുവൈത്ത് അപലപിക്കുന്നു. ഇവക്കെതിരെ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ആവർത്തിച്ചു പറയുന്നതായും താരിഖ് അൽ ബന്നായ് വ്യക്തമാക്കി. ഇസ്രായേലിന്റെ പിടിവാശി കാരണം ലോകം നീതിയുക്തമായ ഒരു പരിഹാരത്തിൽനിന്ന് അകന്നുപോകുന്നു.
അധിനിവേശം നിയമവിധേയമാക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കംവെക്കുന്നതിനുമുള്ള നീക്കമാണിതെന്നും താരിഖ് അൽ ബന്നായ് സൂചിപ്പിച്ചു. സമ്പൂർണ യു.എൻ അംഗത്വത്തിനായുള്ള ഫലസ്തീനിന്റെ ശ്രമത്തിന് കുവൈത്തിന്റെ പിന്തുണ അൽ ബന്നായ് പ്രഖ്യാപിച്ചു. ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാത്ത രാഷ്ട്രങ്ങളോട് നിലപാട് പുനഃപരിശോധിക്കാൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.