ഫലസ്തീനികളുടെ പോരാട്ടത്തിനും പ്രാദേശിക സമാധാനത്തിനും കുവൈത്ത് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കിയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനവുമായി ഐക്യരാഷ്ട്രസഭയിൽ (യു.എൻ) കുവൈത്ത്. യു.എൻ സുരക്ഷ കൗൺസിലിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത സ്റ്റേറ്റ് ഡെപ്യൂട്ടി പ്രതിനിധി ഫൈസൽ ഗാസി അൽ എനേസിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ പോരാട്ടത്തിന് പിന്തുണ രേഖപ്പെടുത്തിയ അദ്ദേഹം സമാധാനത്തെ പിന്തുണക്കുന്ന അറബ്-ഇസ്‍ലാമിക നിലപാടുകളോട് ചേർന്നുനിൽക്കുന്നതായും ആവർത്തിച്ചു.
ഫലസ്തീൻ പ്രദേശങ്ങളിൽ അധിനിവേശം നടത്തുന്ന ഇസ്രായേൽ നടപടികളിലും ആക്രമണങ്ങളിലും കുവൈത്ത് ആശങ്ക രേഖപ്പെടുത്തി. ഇസ്രായേൽ നിരന്തരം അൽ അഖ്സ മസ്ജിദ് ലക്ഷ്യമിടുന്നതിൽ കടുത്ത വിയോജിപ്പും കുവൈത്ത് പ്രകടിപ്പിച്ചു. ഫലസ്തീനികളെ തുടർച്ചയായി പ്രകോപിപ്പിക്കുകയും പള്ളിയിൽ ആരാധന നടത്തുന്നതിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇസ്രായേൽ. അന്താരാഷ്ട്ര ഉടമ്പടികളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്രായേൽ, മേഖലയിലെ സ്ഥിരത അപകടത്തിലാക്കുകയും വിദ്വേഷവും തീവ്രവാദവും അക്രമവും വളർത്തുകയാണെന്നും കുവൈത്ത് പ്രതിനിധി ചൂണ്ടിക്കാട്ടി. ഫലസ്തീൻ പട്ടണങ്ങളിൽ ഇസ്രായേൽ നടത്തിയ ആവർത്തിച്ചുള്ള റെയ്ഡുകളും ക്രൂരമായ ആക്രമണങ്ങളും അൽഎനേസി വിമർശിച്ചു.ദിവസങ്ങൾക്കു മുമ്പ് നബ്‍ലസിലും റാമല്ലയിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീനികൾ കൊല്ലപ്പെട്ടത് അദ്ദേഹം എടുത്തുപറഞ്ഞു.
വിദേശകാര്യ മന്ത്രി അറബ് ലീഗ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബ്ദുൽ ഗൈത്തുമായി കൂടിക്കാഴ്ച നടത്തി. അൽജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിക്കു മുന്നോടിയായാണ് കൂടിക്കാഴ്ച.
മന്ത്രിതല മുന്നൊരുക്ക യോഗത്തിലെ വിഷയങ്ങളും അജണ്ടയിലെ മറ്റിനങ്ങളും ഇരുവരും ചർച്ച ചെയ്തു. ഉച്ചകോടിക്കു മുമ്പേയുള്ള അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ശൈഖ് സലീം അബ്ദുല്ല വെള്ളിയാഴ്ച അൽജീരിയയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.