നിർമിതബുദ്ധി വാർത്താ അവതാരകയുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മനുഷ്യൻ ചെയ്യുന്നതെല്ലാം നിർമിത ബുദ്ധി ഉപയോഗിച്ച് ചെയ്തുതീർക്കാനുള്ള സാധ്യതകൾ ആരായുകയാണ് ഇന്ന് ടെക്കികൾ. ഇപ്പോഴിതാ വാർത്ത വായിക്കാൻ നിർമിത ബുദ്ധിയിൽ (എ.ഐ)വികസിപ്പിച്ചെടുത്ത അവതാരകയുമായി ഇക്കാര്യത്തിൽ ഒരു പടികൂടി മുന്നോട്ടുവച്ചിരിക്കുകയാണ് കുവൈത്ത്. കുവൈത്ത് ന്യൂസ് വെബ്സൈറ്റാണ് ആദ്യ എ.ഐ വാർത്താ അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. ഫിദ എന്നാണ് എ.ഐ അവതാരകക്ക് പേരിട്ടിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ന്യൂസ് റൂമിൽ ഇത്തരമൊരു പരീക്ഷണം.
നീലക്കണ്ണും തവിട്ട് നിറത്തിലുള്ള മുടിയുമായി വെള്ള ടീഷർട്ടും കറുത്ത കോട്ടും ധരിച്ച എ.ഐ അവതാരകയുടെ വീഡിയോ കുവൈത്ത് ന്യൂസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. "ഞാൻ ഫിദ. കുവൈത് ന്യൂസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുവൈത്തിലെ ആദ്യത്തെ അവതാരകയാണ്. ഏത് തരത്തിലുള്ള വാർത്തകളാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാം," ഫിദ അറബിയിൽ പറയും.
ഗൾഫ് മേഖലയിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രമായ കുവൈത്ത് ടൈംസിന്‍റെ ഭാഗമായാണ് നിലവിൽ കുവൈത്ത് ന്യൂസ് പ്രവർത്തിക്കുന്നത്. പുതിയതും നൂതനവുമായ ഉള്ളടക്കം കണ്ടെത്തുന്നതിനുള്ള എ.ഐയുടെ കഴിവിന്റെ പരീക്ഷണമാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുല്ല ബുഫ്‌തൈൻ പറഞ്ഞു. ഭാവിയിൽ ഫിദയ്ക്ക് കുവൈത്തി ഉച്ചാരണം സ്വീകരിക്കാനും വാർത്താ ബുള്ളറ്റിനുകൾ അവതരിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 13 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.