ലാവോസിൽ തൊഴിൽ തട്ടിപ്പ്; 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
text_fieldsവിയൻറിയാൻ: തൊഴിൽ തട്ടിപ്പിനിരയായി ലാവോസിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യയുടെ നയതന്ത്ര കാര്യാലയം അറിയിച്ചു. ബോക്കിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാംഗിൾ പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവരെയാണ് തിരിച്ചെത്തിച്ചത്.
ഗോൾഡൻ ട്രയാംഗിളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ലാവോസ് അധികൃതർ പിടികൂടുകയും ഇരകളായ 29 ഇന്ത്യക്കാരെ നയതന്ത്ര കാര്യാലയത്തിന് കൈമാറുകയുമായിരുന്നു. ബാക്കിയുള്ള 18 പേർ സഹായം തേടി നേരിട്ട് സമീപിക്കുകയായിരുന്നെന്നും നയതന്ത്ര കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ലാവോസിലെ ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് അഗ്രവാളിന്റെ നേതൃത്വത്തിൽ ബോക്കിയോ പ്രവിശ്യയിലെത്തിയായിരുന്നു രക്ഷാപ്രവർത്തനം. ലാവോസിൽ തൊഴിൽ തട്ടിപ്പിനിരയായി നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 635 ആയി. ലാവോസിലെ വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ നിരവധി തവണ സർക്കാർ മുന്നറിയിപ്പ് നൽകുകയും വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷ്മമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യക്കാരെ അനധികൃതമായി കടത്തുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കഴിഞ്ഞ മാസം ലാവോസ് പ്രധാനമന്ത്രി സോനെക്‌സെ സിഫാൻഡോണുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.