ബ്രിട്ടനിൽ കൺസർവേറ്റിവുകളെ തകർത്ത് ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും
text_fieldsലണ്ടൻ: ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിൽ. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു.
650 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു. അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങൾ സംസാരിച്ചു. അവർ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.
സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടിയത്.
ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2010ൽ ഗോർഡൻ ബ്രൗണിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബർ പാർട്ടി നേതാവാകും സ്റ്റാർമർ. 2019ലെ ലേബർ പാർട്ടിയുടെ തോൽവിക്കു ശേഷം ജെറമി കോർബിനിൽ നിന്നാണ് സ്റ്റാർമർ ചുമതലയേറ്റത്.
കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് മോദി; ഋഷി സുനകിന് നന്ദി
ന്യൂഡൽഹി: ബ്രിട്ടനിൽ ലേബർ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പരാജിതനായ ഋഷി സുനകിന് നന്ദി പറഞ്ഞു. ഇന്ത്യയും ബ്രിട്ടനും തമ്മിൽ സർവമേഖലകളിലും സമഗ്രമായ നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്ന സഹകരണത്തിനായി ഉറ്റുനോക്കുകയാണെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരുന്ന വേളയിൽ ഇന്ത്യ - ബ്രിട്ടൻ ബന്ധം ആഴത്തിലുള്ളതാക്കാൻ സുനക് നൽകിയ സംഭാവനകൾക്ക് മോദി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.