ലാഹോറിൽ ബോംബ് സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്
text_fieldsലാഹോർ: പാകിസ്താൻ നഗരമായ ലാഹോറിലെ തിരക്കേറിയ ഷോപ്പിംഗ് മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം.
മോട്ടോർ ബൈക്കിൽ ഘടിപ്പിച്ച ഉപകരണത്തിൽ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ലാഹോർ പൊലീസ് മേധാവി റാണ ആരിഫ് വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യൻ നിർമിത സാധനങ്ങൾ വിൽക്കുന്നതിൽ പ്രശസ്തമായ അനാർക്കലി മാർക്കറ്റിലെ പാൻ മണ്ടിയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കടകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ സ്‌ഫോടനത്തിൽ തകർന്നു. സ്ഫോടനത്തെ തുടർന്ന് മാർക്കറ്റ് അടച്ചു.
പാകിസ്താന്‍ സർക്കാരും താലിബാനും തമ്മിലുണ്ടായിരുന്ന ഉടമ്പടി അവസാനിച്ചത് മുതൽ പൊലീസിനെതിരെ നിരവധി സ്ഫോടനങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനിലെ താലിബാനുമായി ബന്ധമുള്ള തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഒരു ആൺകുട്ടിയടക്കം രണ്ടുപേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുപേരുടെ നില ഗുരുതരമാണെന്നും മയോ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഇഫ്തിഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.