ലാഹോർ റാലി നാളെ; പി.ടി.ഐ നേതാക്കളെ തടവിലിട്ട് പാകിസ്താൻ
text_fieldsലാഹോർ: ലാഹോറിൽ ശനിയാഴ്ച നടത്താനിരുന്ന വൻ റാലിക്ക് മുന്നോടിയായി നിരവധി നേതാക്കളെയും പ്രവർത്തകരെയും പഞ്ചാബ് പൊലീസ് തടവിലിട്ടതായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പി.ടി.ഐ. പഞ്ചാബ് നിയമസഭയിലെ പാർലമെന്ററി നേതാവ് അലി ഇംതിയാസ് വറായിഖ്, മുതിർന്ന നേതാവ് അഫ്സൽ ഫത് തുടങ്ങിയ ഡസനിലേറെ നേതാക്കളെയും പ്രവർത്തകരെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് അലി ഇജാസ് ഭട്ടർ പറഞ്ഞു.
പാകിസ്താൻ മുസ്‍ലിം ലീഗിന്റെ (നവാസ്) നേതൃത്വത്തിലുള്ള സർക്കാർ ഫാഷിസ്റ്റ് നടപടി സ്വീകരിച്ചാലും റാലി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാഹോറിലെ മിനാരെ പാകിസ്താൻ മൈതാനിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കണമെന്ന് അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ‘എക്സ്’ ൽ ആഹ്വാനം ചെയ്തിരുന്നു.
നിയമവിരുദ്ധമായ സർക്കാറിനെതിരായ ചെറുത്തുനിൽപ് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഈ പോരാട്ടം ഭാവി തലമുറക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് ദ്രോഹിക്കരുതെന്ന് മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പി.ടി.ഐ ലാഹോർ ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു. റാലി നടത്തുന്നത് ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും ഭരണഘടനപരവും നിയമപരവുമായ അവകാശമാണ്.
ഈ അവകാശം നഷ്ടപ്പെടുത്താൻ പാടില്ലെന്നും ഹരജി ചൂണ്ടിക്കാട്ടി. റാലി നടത്താൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പാകിസ്താൻ മുസ്‍ലിം ലീഗിന്റെ (നവാസ്) പ്രവർത്തകനും ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.